കൊല്ലത്ത് യുവതിയുടെ ആത്മഹത്യ: സ്ത്രീധന പീഡനത്തെ തുടർന്ന്: ഭർത്താവിൻ്റെ അമ്മയ്ക്കെതിരെ കേസ്
സ്വന്തം ലേഖകൻ
കൊല്ലം: മരുത്തടിയിൽ ഭർതൃവീട്ടിൽ ആത്മഹത്യക്കു ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ഭർതൃമാതാവ് സുനിജയ്ക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. പടിഞ്ഞാറേ കൊല്ലം കന്നിമേൽചേരി പുളിഞ്ചിക്കൽ വീട്ടിൽ സതീഷിന്റെ ഭാര്യ അനുജ (22)യാണ് മരിച്ചത്.
ജൂൺ 30നു രാത്രിയിലാണ് അനുജയെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ കണ്ടത്. ഭർത്താവും ബന്ധുക്കളും ചേർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്നു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. കൊല്ലത്തെ സ്വകാര്യ കോളേജിൽ അവസാന വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജ.
വെൽഡറായ സതീഷ് രാവിലെ ജോലിക്കു പോയാൽ പിന്നെ അനുജയും ഭർതൃമാതാവ് സുനിജയുമാണ് വീട്ടിൽ ഉണ്ടാകുക. ഒറ്റപ്പെടുത്തിയും നിരന്തരം കുറ്റപ്പെടുത്തിയും സുനിജ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അനുജയുടെ അച്ഛൻ ശക്തികുളങ്ങര പണ്ടാലതെക്കതിൽ അനിയും അമ്മ രാജേശ്വരിയും പറഞ്ഞു. അച്ഛന്റെ പരാതിയിലാണ് ശക്തികുളങ്ങര പൊലീസ് കേസെടുത്തത്. എസിപി എ .പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല. സഹോദരി: അഖില.