play-sharp-fill
കൊല്ലത്ത് പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നു ബന്ധുക്കള്‍; പൊലീസ് കേസെടുത്തത്  യുവതിയുടെ പിതാവ് നാല് മണിക്കൂറോളം കൊല്ലത്തെ മൂന്നു പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങിയ ശേഷം

കൊല്ലത്ത് പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നു ബന്ധുക്കള്‍; പൊലീസ് കേസെടുത്തത് യുവതിയുടെ പിതാവ് നാല് മണിക്കൂറോളം കൊല്ലത്തെ മൂന്നു പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങിയ ശേഷം

സ്വന്തം ലേഖിക

കൊല്ലം: പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചു.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പ് കുഞ്ഞിനെ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തതും വലിയ വിവാദമായി. സംഭവത്തില്‍ കേസെടുക്കുന്നതിനു യുവതിയുടെ പിതാവ് 4 മണിക്കൂറോളം കൊല്ലത്തെ മൂന്നു പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങിയിരുന്നു.

ഒടുവില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം കൊട്ടിയം പൊലീസ് കേസെടുക്കുകയാണ് ചെയ്തത്.

കൊല്ലം ആയിരംതെങ്ങ് പടിഞ്ഞാറെ മണ്ണേല്‍ വിനോദിന്റെ ഭാര്യ ചാന്ദന വിനോദ് (ചിക്കു-27) ആണു മരിച്ചത്. കഴിഞ്ഞ 15ന് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാന്ദന ഇന്നലെ പുലര്‍ച്ചെ 1.29ന് ആണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 3 മണിയോടെ ചാന്ദനയെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ആംബുലന്‍സ് എത്തിയപ്പോഴാണ് അമിത രക്ത സ്രാവം ഉണ്ടായ വിവരം ബന്ധുക്കള്‍ അറിഞ്ഞത്.

ജൂനിയര്‍ ഡോക്ടര്‍മാരാണ് യുവതിയെ ചികിത്സിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആംബുലന്‍സ് എത്തി ഒന്നര മണിക്കൂറോളം കഴിഞ്ഞ് ഒരു ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം ചാന്ദനയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 6 മണിയോടെ മരിക്കുകയായിരുന്നു.

അതേസമയം യുവതി മരിച്ച വിവരം അറിഞ്ഞതോടെ വിക്ടോറിയ ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യുകയുണ്ടായി. 10 മണിക്കു ബന്ധുക്കളെത്തി കുഞ്ഞിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഗവര്‍ണര്‍, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുമെന്നു ബന്ധുക്കള്‍ വ്യക്തമാക്കി.

അതോടൊപ്പം തന്നെ സംഭവം വിദഗ്ധസംഘം അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്ന സംഘമാണു ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുക. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കു മുന്‍പ് റിപ്പോര്‍ട്ടു ഡയറക്ടര്‍ക്കും ജില്ലാ പഞ്ചായത്തിനും സമര്‍പ്പിക്കും.

കൊല്ലം ഡീസന്റ് മുക്ക് തൊടിയില്‍ ചന്ദ്രബാബു മിനി ദമ്പതികളുടെ മകളാണ് ചാന്ദന. ഭര്‍ത്താവ് വിനോദ് ദുബായില്‍ ജോലി ചെയ്തുവരികയാണ്. മൂന്നു വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. ഇത് ആദ്യ പ്രസവമാണ്.