അഭിനയപ്രതിഭകളെ നഷ്ടപ്പെട്ട സിനിമാലോകം; കോവിഡിലും അതിജീവനത്തിലെത്തി നില്ക്കുമ്പോൾ ആരാധകരെ കണ്ണീരിലാഴ്ത്തിയ വിയോഗങ്ങൾ; രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ ചലച്ചിത്രലോകത്തിന് നഷ്ടമായത് പകരം വയ്ക്കാൻ കഴിയാത്ത അത്ഭുതപ്രതിഭാസങ്ങളെ
രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ ചലച്ചിത്ര രംഗത്തു നിന്നും നമുക്ക് ഏറെ പ്രിയങ്കരരായ ചില അഭിനേതാക്കള്‍ വിട്ടു പിരിഞ്ഞു. വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച നെടുമുടി വേണു ,എട്ട് വര്‍ഷത്തിലധികം കാന്‍സറിനോട് പോരാടിയ സിനിമാ ടി വി താരം ശരണ്യ, തമിഴ്നടൻ വിവേക്, കന്നഡ സിനിമാ ലോകത്ത് സംഭവിച്ച ഏറ്റവും വലിയ വിയോഗങ്ങളിൽ ഒന്ന് പുനീത് രാജ്‌കുമാർ എന്നിവരെല്ലാം സിനിമാ ആസ്വാദകരെ നിരാശയിലാക്കി വിട്ടുപിരിഞ്ഞവർ ആണ്.
നെടുമുടി വേണു
വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച നെടുമുടി വേണു നാടകരംഗത്തു നിന്നുമാണ് സിനിമയില്‍ എത്തിയത്. വിഖ്യാത സംവിധായകരായ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി എന്നിവരുമായുള്ള സൗഹൃദമാണ് നെടുമുടി വേണുവിനെ സിനിമയിലേക്ക് എത്തിച്ചത്. അരവിന്ദന്‍ സംവിധാനം ചെയ്ത ‘തമ്ബ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ആരവം, തകര, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍,അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, പാളങ്ങള്‍, പഞ്ചാഗ്നി, താളവട്ടം, വൈശാാലി, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, ഹിസ് ഹൈനസ് അബ്ദുള്ള, പെരുന്തച്ചന്‍, സര്‍ഗം, മണിച്ചിത്രത്താഴ്, സുന്ദരക്കില്ലാഡി, ബെസ്റ്റ് ആക്ടര്‍, നോര്‍ത്ത് 24 കാതം ,ഒരു സെക്കന്‍റ് ക്ലാസ് യാത്ര , ഒരു കുപ്രസിദ്ധ പയ്യന്‍ എന്നു തുടങ്ങി അഞ്ഞൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നു തവണ ദേശീയ പുരസ്കാരങ്ങളും ആറു സംസ്ഥാന പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട് നടന്‍ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവു തെളിയിച്ചു. കാറ്റത്തെ കിളിക്കൂട് അടക്കം ആറോളം സിനിമകളുടെ തിരക്കഥാരചനയില്‍ പങ്കാളിയായി. പാച്ചി എന്ന അപരനാമത്തില്‍ ആയിരുന്നു പല ചലച്ചിത്രങ്ങള്‍ക്കും അദ്ദേഹം തിരക്കഥ ഒരുക്കിയിരുന്നത്. ‘പൂരം’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ച നെടുമുടി വേണു മൃദംഗം പോലുള്ള വാദ്യോപകരണങ്ങള്‍ വായിക്കുന്നതിലും പ്രാവിണ്യം നേടിയിരുന്നു. സീരിയല്‍ രംഗത്തും തിളങ്ങിയ താരമാണ് നെടുമുടി വേണു. കലാസിനിമയുടെ പ്രയോക്താക്കള്‍ക്ക് എന്നും പിന്തുണ നല്‍കിയിരുന്ന നടന്‍ കൂടിയായിരുന്നു നെടുമുടി.
ശരണ്യ
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ, ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളിലും ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ട താരത്തിന്റെ ജീവിതത്തില്‍ വില്ലനായത് ക്യാന്‍സര്‍ ആയിരുന്നു
എട്ട് വര്‍ഷത്തിലധികം കാന്‍സറിനോട് പോരാടിയ താരമാണ് ശരണ്യ. തലവേദനയിലൂടെയായിരുന്നു രോഗത്തിന്റെ തുടക്കം. ഡോക്ടറെ കാണിച്ച് രണ്ട് മാസത്തോളം മൈഗ്രെയിനിന്റെ ഗുളിക കഴിച്ചു. എന്നാല്‍ 2012ല്‍ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണു. സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത്. പതിനൊന്നോളം ശസ്ത്രക്രിയകള്‍ നടത്തി. നിരവധി തവണ റേഡിയേഷനു വിധേയയായ താരത്തിന്റെ ദാമ്പത്യ ജീവിതവും പരാജയമായിരുന്നു.
വിവേക്
തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. താരത്തിന്റെ മരണം വിവാദത്തിലായത് കോവിഡ് വാക്സിന്റെ പേരിലാണ്. ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ചതിനു പിന്നാലെയാണ് താരത്തിനു ഹൃദയാഘാതം ഉണ്ടായത്. അതാണ് വിവാദങ്ങള്‍ക്കും കാരണമായത്. എന്നാല്‍ വിവേകിന്റെ മരണത്തിനു വാക്സിന്‍ സ്വീകരിച്ചതുമായി ബന്ധമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.
ഇതിഹാസ ചലച്ചിത്ര നിര്‍മ്മാതാവ് ബാലചന്ദര്‍ 1980 കളുടെ അവസാനത്തിലാണ് വിവേക് എന്ന നടനെ സിനിമ ലോകത്തിന് സമ്മാനിച്ചത്. 1990 കളില്‍ തമിഴ് സിനിമയിലെ ഏറ്റവും കൂടുതല്‍ തിരക്കുള്ള ഹാസ്യനടന്മാരില്‍ ഒരാളായി അദ്ദേഹം മാറി. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ല്‍ പത്മശ്രീയും നേടി. സാമൂഹിക ഉത്തരവാദിത്തമുള്ള ഹാസ്യനടന്‍ എന്ന നിലയില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു
പുനീത് രാജ്‌കുമാര്‍
കന്നഡ സിനിമാ ലോകത്ത് തീരാ നഷ്ടമുണ്ടാക്കിയ ഒന്നാണ് നടന്‍ പുനീത് രാജ്‌കുമാറിന്റെ വിയോഗം. കന്നഡയിലെ ഇതിഹാസ നടന്‍ രാജ്‍കുമാറിന്‍റെ മകനാണ്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു പുനീതിന്റെ സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും. നിരവധി സത്പ്രവര്‍ത്തികള്‍ നടത്തിയിരുന്ന പുനീത് ഒരു നടന്‍ എന്ന നിലയില്‍ മാത്രമല്ല മികച്ച ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന രീതിയിലും ആരാധകരെ നേടിയിരുന്നു.
ഓരോ വേര്‍പാടും ഏറെ വേദനാ ജനകമാണ്. എങ്കിലും വേര്‍പെട്ടു പോയവര്‍ അവരുടെ കാപാത്രങ്ങളിലൂടെ നമ്മോടൊപ്പം എന്നുമുണ്ടാകും..