കൊല്ലത്ത് വൻ വാഹന മോഷണം : അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളെ പൊലീസ് പിടികൂടി
സ്വന്തം ലേഖകൻ
കുണ്ടറ : കൊട്ടാരക്കര, കുണ്ടറ, കൊട്ടിയം എന്നിവിടങ്ങളിൽ നിന്ന് ഓട്ടോ, മോട്ടോർ സൈക്കിൾ, കാർ എന്നിവയും, മൊബൈലും മോഷ്ടിച്ച കേസിലെ പ്രതികളെ കുണ്ടറ പൊലീസ് പിടികൂടി. കണ്ണനല്ലൂർ ചേരിക്കോണം ഫൈസൽ മൻസിലിൽ ഫസൽ മകൻ ഫൈസൽ (22), ഓടനാവട്ടം ചെന്നാപ്പാറ ഐതാ ഇടയില വീട്ടിൽ രവീന്ദ്രൻ മകൻ അനീഷ് (20) എന്നിവരെയാണ് കുണ്ടറ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മെയ് 16 ന് രാത്രി കൊട്ടിയം തഴുത്തല ഭാഗത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസും, കൊട്ടാരക്കര പാണ്ടിത്തിട്ടയിലുള്ള ഒരു വീട്ടിൽ കടന്ന് കയറി 2000 രൂപയും മൊബൈൽ ഫോണുകളും വീട്ട് മുറ്റത്ത് കിടന്ന ഓട്ടോറിക്ഷയും മോഷ്ടിച്ച കേസും, മേയ് 21 കൊട്ടിയം തഴുത്തല ഭാഗത്ത് ഉള്ള ഒരു വീട്ടിന്റെ കാർപോർച്ചിൽ നിന്നും കാർ മോഷ്ടിച്ച കേസിലും, ഓടനാവട്ടം ചുങ്കത്തറ ഭാഗത്ത് മേയ് 20 ന് രാത്രി റോഡ് സൈഡിൽ വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചെടുത്ത കേസിലും ഇവർ പ്രതികളാണ് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് ദിവസം മുൻപ് കൊട്ടാരക്കര നെല്ലിക്കുന്നത്ത് ഒരു വീട്ടിൽ നിന്ന് ആട്ടോയും മൊബൈൽ ഫോണുകളും മോഷ്ടിച്ചെടുത്തതും ഇവരാണ്. ഇവർ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നു. ഇവരുടെ സംഘത്തിൽ ഇനിയും കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരുന്നു. കുണ്ടറ സി.ഐ യുടെ നേതൃത്വത്തിൽ രാത്രി നടന്ന വാഹന പരിശോധനക്കിടയിൽ മോഷ്ടിച്ചെടുത്ത ബൈക്കുമായി പൊലീസ് സംഘത്തിന്റെ മുന്നിൽ പെടുകയായിരുന്നു. സംശയം തോന്നിയ പൊലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്ന് വിശദമായി ചോദ്യം ചെയ്തതിലാണ് മോഷണം തെളിഞ്ഞത്.