‘ബട്ട്‌ലര്‍ ബ്ലാസ്റ്റ്’ ; ഈഡനിൽ‍ കൊൽക്കത്തെയെ തകർത്ത് ആവേശ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

‘ബട്ട്‌ലര്‍ ബ്ലാസ്റ്റ്’ ; ഈഡനിൽ‍ കൊൽക്കത്തെയെ തകർത്ത് ആവേശ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

Spread the love

സ്വന്തം ലേഖകൻ

കൊല്‍ക്കത്ത: വിക്കറ്റുകള്‍ ഒരു വശത്ത് കൊഴിയുമ്പോഴും ജോസ് ബട്ട്‌ലര്‍ കുലുങ്ങിയില്ല. വിജയലക്ഷ്യം ഏറെ അകലെയാണെന്ന് തിരിച്ചറിയുമ്പോഴും മുഖത്ത് ആശങ്കയില്ല. സമചിത്തതയോടെ സാഹചര്യത്തിന് അനുസൃതമായി ബട്ട്‌ലര്‍ ബാറ്റ് വീശിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് അവിശ്വസനീയ ജയം.

അതുവരെ ആര്‍ത്തുവിളിച്ച, കൊല്‍ക്കത്ത ആരാധകരാല്‍ നിറഞ്ഞ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം മത്സരത്തിന്റെ അവസാന ഓവറില്‍ പൊടുന്നനെ നിശബ്ദമായി; അല്ല, ബട്ട്‌ലര്‍ നിശബ്ദമാക്കി. ജോസ് ബട്ട്‌ലറുടെ ചിറകിലേറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ റോയല്‍സ് അപ്രതീക്ഷിതമായി മറികടന്നപ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത് ക്രിക്കറ്റിലെ മറ്റൊരു സുന്ദര പോരാട്ടത്തിന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമ്പത് ഫോറുകളുടെയും ആറു സിക്‌സറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 60 പന്തില്‍ 107 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. 14 പന്തില്‍ 34 റണ്‍സ് നേടിയ റിയാന്‍ പരാഗും, 13 പന്തില്‍ 26 റണ്‍സ് നേടിയ റോവ്മാന്‍ പവലും രാജസ്ഥാനു വേണ്ടി തിളങ്ങി. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി.

സുനില്‍ നെൈരന്റെ ഓള്‍റൗണ്ട് പ്രകടനം പാഴായി. സെഞ്ചുറി നേടിയ താരം രണ്ട് രാജസ്ഥാന്‍ വിക്കറ്റുകളാണ് പിഴുതത്. വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവരും കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സ്‌

ഓപ്പണറായുള്ള സുനില്‍ നരൈന്‍ അല്ലെങ്കിലും പണ്ടേ അപകടകാരിയാണ്. അത് ഒരിക്കല്‍ കൂടി തെളിയിക്കുന്ന കാഴ്ചയ്ക്കാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാരെ തല്ലി പരുവംകെടുത്തി സുനില്‍ നരൈന്‍ സെഞ്ചുറിയടിച്ച മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പടുത്തുയര്‍ത്തിയത് 223 റണ്‍സ്. 13 ഫോറിന്റെയും ആറു സിക്‌സിന്റെയും മേമ്പൊടിയോടെ 56 പന്തില്‍ 109 റണ്‍സ് നേടിയാണ് നരൈന്‍ പുറത്തായത്.

അപകടകാരിയായ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ പെട്ടെന്ന് പുറത്താക്കാനായതിന്റെ ആത്മവിശ്വാസത്തിലായിരുന്നു തുടക്കത്തില്‍ റോയല്‍സ്. 13 പന്തില്‍ 10 റണ്‍സെടുത്ത സാള്‍ട്ട് പുറത്തായതിന് പിന്നാലെയെത്തിയ ആങ്ക്രിഷ് രഘുവന്‍ശി രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് അല്‍പം മങ്ങലേല്‍പിച്ചു. 18 പന്തില്‍ 30 റണ്‍സാണ് രഘുവന്‍ശിയുടെ സമ്പാദ്യം.

ശ്രേയസ് അയ്യര്‍-7 പന്തില്‍ 11, ആന്ദ്രെ റസല്‍-10 പന്തില്‍ 13, വെങ്കടേഷ് അയ്യര്‍-6 പന്തില്‍ 8, റിങ്കു സിംഗ്-പുറത്താകാതെ ഒമ്പത് പന്തില്‍ 20, രമണ്‍ദീപ് സിംഗ്-പുറത്താകാതെ ഒരു പന്തില്‍ ഒന്ന്‌ എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. രാജസ്ഥാനു വേണ്ടി ആവേശ് ഖാനും കുല്‍ദീപ് സെന്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോന്ന് വീതവും.