കൊല ഹോട്ടല്‍ മുറിയില്‍ വച്ച്, മൃതദേഹം രണ്ടുഭാഗങ്ങളായി മുറിച്ചുമാറ്റി; പ്രതികള്‍ പദ്ധതിയിട്ടത് ടാറ്റ നഗറിലേക്ക് കടക്കാന്‍

കൊല ഹോട്ടല്‍ മുറിയില്‍ വച്ച്, മൃതദേഹം രണ്ടുഭാഗങ്ങളായി മുറിച്ചുമാറ്റി; പ്രതികള്‍ പദ്ധതിയിട്ടത് ടാറ്റ നഗറിലേക്ക് കടക്കാന്‍

സ്വന്തം ലേഖകൻ

കോഴിക്കോട്: വ്യാപാരിയായ സിദ്ദിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഹോട്ടലിൽ ബുക്ക് ചെയ്ത് മുറിയിൽ വച്ചാണ് കൊലപ്പെടുത്തിയതെന്ന് സൂചന. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ടു ഭാഗങ്ങളായി മുറിച്ചുമാറ്റിയെന്നാണ് കരുതുന്നത്. ഇതിന് ശേഷം
മൃതദേഹാവിശിഷ്ടങ്ങൾ ട്രോളി ബാഗുകളിലാക്കി പ്രതികളായ ഷിബിലിയും ഫർഹാനയും കാറിൽ ഹോട്ടലിൽ നിന്ന്പുറത്തുപോയതായാണ് റിപ്പോർട്ട്. ഹോട്ടലിൽ നിന്ന് കാറിലേക്ക് ട്രോളി ബാഗ് കയറ്റുന്നതിന്റെയും യാത്ര പോകുന്നതിന്റെയും നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖാണ് കൊല്ലപ്പെട്ടത്. ഹോട്ടൽ ജീവനക്കാരനായ ഷിബിലും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയും ഫർഹാനയുടെ സുഹൃത്ത് ആഷിക് എന്നിവരാണ് പിടിയിലായത്. ഷിബിലിയേയും ഫർഹാനയേയും ചെന്നൈയിലെ എാറിൽ നിന്നാണ് പിടികൂടിയത്. റെയിൽവേ സുരക്ഷാ സേനയുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത് എന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് വ്യക്തമാക്കി. ഇവരിൽ നിന്ന് പൂട്ടിയനിലയിലുള്ള ട്രോളി ബാഗും 16000 രൂപയുമാണ് കണ്ടെടുത്തത്. ജംഷഡ്പൂരിലെ ടാറ്റ നഗറിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലിൽ നിന്ന് പ്രതികൾ പുറത്തേക്കു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹോട്ടലിന്റെ തൊട്ടടുത്തുള്ള
വസ്ത്രവിൽപനശാലയിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഈ മാസം 18നാണ് സിദ്ദിഖിനെ കാണാതാകുന്നത്. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ ജി 3, ജി4 എന്നിങ്ങനെ രണ്ടു റൂമുകൾ ഈ മാസം 18നാണ് ബുക്ക് ചെയ്തത്. സിദ്ദിഖിന്റെ പേരിലാണ് റൂമുകൾ ബുക്ക് ചെയ്തിരുന്നതെന്നും റിപ്പോർട്ടുണ്ട്. ജി 4ൽ വച്ചാണ് കൊലപാതകം നടന്നതെന്ന സ്ഥിരീകരിക്കാത്ത വിവരമാണ് പുറത്തുവരുന്നത്.19ന് വൈകിട്ട് 3.09നും 3.19നും ഇടയിൽ ബാഗുകൾ കാറിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

വെള്ളനിറത്തിലുള്ള കാറിലാണ് ബാഗുകൾ കയറ്റിയത്. സിദ്ദിഖിന്റെ തന്നെ കാറാണ് ഇതിന്ഉപയോഗിച്ചത്. ചെറുതുരുത്തിയിൽ നിന്ന് പൊലീസ് കാർ കണ്ടെത്തി. കാർ പാർക്ക് ചെയ്ത് പതിനഞ്ച് മിനിറ്റിനു ശേഷമാണ് ആദ്യ ബാഗ് കാറിന്റെ ഡിക്കിയിൽ കയറ്റുന്നത്. പിന്നീട് കുറച്ച് സമയത്തിനു ശേഷം അടുത്ത ബാഗുമായി ഒരു യുവതി എത്തുന്നു. ഈ ട്രോളി ബാഗും കാറിൽ കയറ്റിയ ശേഷം ഇരുവരും കാറിൽ കയറുന്നതും കാർ മുന്നോട്ടു നീങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടു പേർ ഹോട്ടലിൽ നിന്ന് പുറത്തുവരുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. മൂന്നാമത്തെയാൾ കാറിൽ ഉണ്ടെന്നാണ് നിഗമനം.

തുടർന്ന് ഇവർ മൃതദേഹം ഉപേക്ഷിക്കുന്നതിനായി അട്ടപ്പാടിയിലേക്ക് പോയെന്നാണ് റിപ്പോർട്ട്. യാത്രയ്ക്കിടെ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ വെച്ചാണ് സിദ്ദിഖിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിട്ടുള്ളത്. യുപിഐ വഴിയും എടിഎം കാർഡ് വഴിയും പണം പിൻവലിച്ചതായാണ് വിവരം. ഇതിന് ശേഷം അട്ടപ്പാടി ചുരത്തിലെത്തിയ പ്രതികൾ ഒൻപതാം വളവിൽ നിന്ന് മൃതദേഹം സൂക്ഷിച്ച ട്രോളി ബാഗുകൾ കൊക്കയിലേക്ക് എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സിദ്ദിഖിനെ കാണാനില്ലെന്ന പരാതിയിൽ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായതെന്നാണ് സൂചന.

Tags :