play-sharp-fill
മേളം കൊട്ടിക്കയറി, തലയാട്ടി നടയമരങ്ങള്‍ ഊന്നി… ഗജറാണിമാര്‍ നിരന്നു..!  കൊടുങ്ങൂരില്‍ ചരിത്രം പിറന്ന് പെണ്‍പൂരം പൊടിപൂരം

മേളം കൊട്ടിക്കയറി, തലയാട്ടി നടയമരങ്ങള്‍ ഊന്നി… ഗജറാണിമാര്‍ നിരന്നു..! കൊടുങ്ങൂരില്‍ ചരിത്രം പിറന്ന് പെണ്‍പൂരം പൊടിപൂരം

സ്വന്തം ലേഖിക

കൊടുങ്ങൂര്‍: മേളം കൊട്ടിക്കയറി, തലയാട്ടി നടയമരങ്ങള്‍ ഊന്നി അവര്‍ വരിവരിയായി പുരുഷാരത്തിന് നടുവിലേക്ക്.

ക്ഷേത്ര ഗോപുരം കടന്നെത്തിയ ഗജറാണിമാര്‍ക്കൊപ്പം കൊടൂങ്ങൂര്‍ മേജര്‍ ദേവീക്ഷേത്രവും ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗജറാണിമാരെ കണ്ട് കൊടുങ്ങൂര്‍ ആര്‍പ്പുവിളിച്ചു. പെണ്‍പൂരം നാടിന് പൊടിപൂരമായി. അഴകളവുകള്‍ മാറ്റുരച്ചപ്പോള്‍ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മിക്ക് പ്രഥമ തൃക്കൊടുങ്ങൂര്‍ മഹേശ്വരി പ്രിയ ഇഭകുലസുന്ദരി പട്ടം.

സ്ത്രീമുന്നേറ്റത്തിന്റെ കാലത്ത് ഒന്‍പത് പിടിയാനകളെ അണിനിരത്തി നടത്തിയ കൊടൂങ്ങൂര്‍ മേജര്‍ ദേവീക്ഷേത്രത്തിലെ പെണ്‍പൂരവും ഗജമേളയും ചരിത്രമായി.

അഴകില്‍ പേരുകേട്ട പിടിയാനകളെയാണ് പൂരത്തിന് അണിനിരത്തിയത്. പിടിയാനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ജില്ലയിലെ അപൂര്‍വ ക്ഷേത്രമാണിത്. കഴിഞ്ഞവര്‍ഷം വരെ ഒരുപിടിയാന മാത്രമായിരുന്നെങ്കില്‍ ഇക്കുറി 9 പിടിയാനകളെ എഴുന്നള്ളിക്കുകയായിരുന്നു.

8 ദേശങ്ങളില്‍ എത്തിയ കാവടി ഘോഷയാത്രയ്ക്ക് ശേഷമായിരുന്നു ഗജമേള. തോട്ടയ്ക്കാട് പാഞ്ചാലി,തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, പ്ലാത്തോട്ടം ബീന, പ്ലാത്തോട്ടം മീര, ഉള്ളൂര്‍ വേപ്പിന്മൂട് ഇന്ദിര, ഗുരുവായൂര്‍ ദേവി, കുമാരനെലൂര്‍ പുഷ്പ, വേണാട്ടുമറ്റം കല്യാണി, കിഴക്കേടത്തുമന ദേവി ശ്രീപാര്‍വതി എന്നീ ഗജറാണിമാരാണ് കൊടുങ്ങൂരിന്റെ മനംകവര്‍ന്നത്.

ഒപ്പം ശൈലേഷ് വൈക്കത്തിന്റെ വിവരണ മാസ്മരികത ആനക്കമ്പക്കാര്‍ക്ക് ആവേശമായി.
തോട്ടയ്ക്കാട് പാഞ്ചാലി ആറാട്ടിന് തിടമ്പേറ്റി. പ്ലാത്തോട്ടം ബീന വിധി കര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശം നേടി. ക്ഷേത്രം നടപന്തലില്‍ തന്ത്രി പെരിഞ്ഞേരിമന നന്ദനന്‍ നമ്പൂതിരി പട്ട സമര്‍പ്പണം നടത്തി.’

ശ്രീകുമാര്‍ അരൂകുറ്റി, ശൈലേഷ് വൈക്കം, അഡ്വ രാജേഷ് പല്ലാട്ട് അടങ്ങുന്ന വിദഗ്ദ്ധസംഘമാണ് വിജയികളെ തിരഞ്ഞെടുത്തത്. ഗജമേളയ്ക്ക് ശേഷം ആന ഊട്ടും നടന്നു.കൊടിയിറക്കത്തോടെ 10 ദിവസം നീണ്ടുനിന്ന ഉത്സവം സമാപിച്ചു.