കോട്ടയം കോടിമതയിൽ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ നിലയിൽ യുവതിയെ കണ്ടെത്തി: യുവതി പെട്രോളൊഴിച്ച് തീകൊളുത്തിയതെന്നു സംശയം: ഗുരുതരാവസ്ഥയിലായ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി; യുവതിയെ ഇനിയും തിരിച്ചറിയാതെ പൊലീസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോടിമത കൊണ്ടോടി വർക്ക്‌ഷോപ്പിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. യുവതി പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയതാണെന്ന സൂചനയാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. എന്നാൽ, പൊള്ളലേറ്റ യുവതിയുടെ വിശദാംശങ്ങൾ അടക്കമുള്ളവ പൊലീസിനു ലഭിച്ചിട്ടില്ല. ഗുരുതരാവസ്ഥയിൽ തുടരുന്ന യുവതിയെ പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എം.സി റോഡരികിൽ കോടിമതയിലെ പമ്പിൽ നിന്നും പെട്രോളും വാങ്ങിയ ശേഷമാണ് യുവതി കൊണ്ടോടി വർക്ക്‌ഷോപ്പിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേയ്ക്ക് എത്തിയത്. ഇവിടെ എത്തിയ ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം ആദ്യം പൊലീസിൽ അറിയിച്ചത്. തുടർന്നു, ചിങ്ങവനത്തു നിന്നും പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു.
സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. യുവതി ഏതു നാട്ടുകാരിയാണെന്നോ, എവിടെ നിന്ന് എന്തിയതാണെന്നോ നാട്ടുകാർക്ക് അറിയില്ല. ആളുകൾ സാധാരണയായി എത്താത്ത ഈ വഴിയിൽ എത്തി ജീവനൊടുക്കാനുള്ള കാരണം എന്താണെന്നു കണ്ടെത്തുന്നതിനായാണ് പൊലീസ് ശ്രമം നടക്കുന്നത്. യുവതി പെട്രോൾ വാങ്ങിയ പമ്പിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നഗരസഭ അംഗം ഷീജ അനിലിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരും പൊലീസിനെ സഹായിക്കാൻ ഇവിടെ എത്തിയിരുന്നു.