കൊടകര കുഴൽപ്പണ കേസ്: ബിജെപി നേതാക്കൾ പ്രതികളല്ലന്ന് പോലീസിന്റെ കുറ്റപത്രം
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾ പ്രതികളല്ലെന്ന് പോലീസിന്റെ കുറ്റപത്രം. ബി.ജെ.പി നേതാക്കളെ സാക്ഷി പട്ടികയിലും ചേർത്തിട്ടില്ല. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
കവർച്ച കേസിന് ഊന്നൽ നൽകിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കേസിൽ ആകെ 22 പ്രതികളാണുള്ളത്. കേസിൽ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിൻറെ തീരുമാനം.
നഷ്ടപ്പെട്ട രണ്ടുകോടി ധൂർത്തടിച്ചെന്നും പണം കണ്ടെടുക്കുക ദുഷ്കരമാണ്. തിരെഞ്ഞെടുപ്പിനായി എത്തിച്ച പണമാണ് ഇതെന്ന് തെളിയിക്കുന്നതിനുള്ള തുമ്പും ലഭിച്ചിട്ടില്ല. ചോദ്യംചെയ്യലിൽ പണത്തിൻറെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ബി.ജെ.പി നേതാക്കളിൽ നിന്ന് ലഭിച്ചിട്ടുമില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണത്തിൻറെ ഉറവിടത്തിൽ ബിജെപികാർക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. കേസ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തിൽ പ്രധാനമായും ആവശ്യം ഉന്നയിക്കുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രൻ ഹാജരായിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. പ്രതികളിൽനിന്നും സാക്ഷികളിൽനിന്നും ലഭിച്ച മൊഴികളിലും പണം ബി.ജെ.പിയുടേതാണെന്ന സൂചനകൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ പല ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറിയ കെ. സുരേന്ദ്രൻ ധർമരാജനുമായി പരിചയമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും സമ്മതിച്ചിട്ടുണ്ടെങ്കിലും പണമിടപാടിൽ ബന്ധമില്ലെന്നാണറിയിച്ചത്.
ബി.ജെ.പി നേതാക്കളെ പ്രതിയാക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം കൂടിയാലോചനകൾ നടത്തിയിരുന്നു. ഇടപാടുമായി പരോക്ഷമായി ബന്ധപ്പെട്ട മൂന്ന് നേതാക്കളാണ് പരിഗണനയിലുള്ളത്. രണ്ട് ജില്ല നേതാക്കളെയും ഒരു മേഖല നേതാവിനെയും പ്രതി ചേർക്കുന്നത് സംബന്ധിച്ചായിരുന്നു അന്വേഷണസംഘം നിയമോപദേശം തേടിയത്.