കൊടകര കുഴൽപ്പണക്കേസ്: കള്ളപ്പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ; സുരേന്ദ്രൻ കേസിൽ ഏഴാം സാക്ഷി; 625 പേജിൽ 22 പേർക്ക് എതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചു. 625 പേജിൽ 22 പേർക്ക് എതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. സുരേന്ദ്രൻറെ മകൻ അടക്കം 216 പേർ കൂടി സാക്ഷി പട്ടികയിലുണ്ട്. മൊഴിയെടുപ്പിക്കാൻ വിളിച്ച എല്ലാ നേതാക്കളെയും സാക്ഷിപ്പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കുറ്റപത്രം കെ.സുരേന്ദ്രന് തിരിച്ചടിയാകുമെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. കൊടകരയിൽ പിടിച്ച മൂന്നര കോടി രൂപ കള്ളപ്പണമാണെന്നും അത് വന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും കുറ്റപത്രിലുണ്ടെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട കള്ളപ്പണം ബെംഗളൂരുവിൽ നിന്നാണ് എത്തിച്ചത്. ആ കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് കെ. സുരേന്ദ്രന്റെ അറിവോടെയാണ്. കള്ളപ്പണം കേരളത്തിലേക്ക് കൊണ്ടുവന്ന ധർമരാജൻ സുരേന്ദ്രന്റേയും ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേശന്റേയും അടുപ്പക്കാരനാണെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നുണ്ട്.
കർണാടകയിലേക്ക് പോയി പണം കൊണ്ടുവരാൻ ധർമ്മരാജനെ ചുമതലപ്പെടുത്തിയത് ബിജെപിയുടെ സംഘടനാ സെക്രട്ടറിയും ഓഫീസ് സെക്രട്ടറിയും ചേർന്നാണ് എന്ന വിവരവും കുറ്റപത്രത്തിലുണ്ട്.
കേസിൽ ധർമ്മരാജൻ രണ്ടാം സാക്ഷിയാണ്. കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും കേസിൽ സാക്ഷിപ്പട്ടികയിലുണ്ട്.
കേസിൽ അന്വേഷണം തുടരുമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണം. കള്ളപ്പണ ഉറവിടം അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വേണം. തട്ടിയെടുത്ത പണം കണ്ടെത്താൻ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
കവർച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ചില പ്രധാനപ്രതികൾ ഇപ്പോഴും പുറത്തുണ്ട്.
കുഴൽപ്പണത്തിൻറെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. കൊടകര കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലായിരുന്നു ഈ പരാമർശങ്ങൾ.