കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസ്; ഇരയെ കൊച്ചിയിലെത്തിച്ചത് സൈജുവിന്റെ സുഹൃത്തും കോഴിക്കോടു സ്വദേശിനിയുമായ അഞ്ജലി; പെൺകുട്ടികളെ എത്തിക്കുന്നത് ബിസിനസ് മീറ്റിന് എന്ന പേരിൽ; ലഹരിക്ക് അടിമയാക്കി ദുരുപയോഗം; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തൽ; ലഹരിക്കടിമയായ അഞ്ജലി നാർക്കോട്ടിക്ക് ലിസ്റ്റിലുള്ളയാൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്
സ്വന്തം ലേഖകൻ
കൊച്ചി: മുന്‍ മിസ്‌കേരള അന്‍സി കബീര്‍, അഞ്ജന ഷാജി എന്നിവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിനു പിന്നാലെ വിവാദത്തിലായ ഫോര്‍ട്ടു കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെതിരെ പോക്സോ കേസ് എടുത്തിരിക്കുകയാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഫോര്‍ട്ട് കൊച്ചി പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്. റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോട്ടലില്‍ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടു നിന്നെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.കോഴിക്കോട് സ്വദേശികളായ അമ്മയുടേയും മകളുടേയും പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സംഭവത്തെ കുറിച്ചു പുറത്തു പറഞ്ഞാല്‍ ഇവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടും എന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ഫോര്‍ട്ടു കൊച്ചി പൊലീസ് തുടര്‍ അന്വേഷണം നിലവില്‍ മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിനു കൈമാറിയിട്ടുണ്ട്.
പോക്സോ കേസ് റജിസ്റ്റർ ചെയ്ത സംഭവത്തിലെ ഇരയെ കൊച്ചിയിലെത്തിച്ചത് സൈജുവിന്റെ സുഹൃത്തും കോഴിക്കോടു സ്വദേശിനിയുമായ അഞ്ജലി വടക്കേപുരയ്ക്കലെന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. കോഴിക്കോട് മാർക്കറ്റിങ് കൺസൾട്ടൻസി നടത്തുന്ന ഇവർ ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുൾപ്പടെ അഞ്ചിലേറെ പെൺകുട്ടികളെ കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്നും ഇവർ പറയുന്നു.
കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലിൽ താമസിപ്പിച്ച ശേഷം രാത്രി സൈജുവിന്റെ ആഡംബര കാറിൽ രാത്രി നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നു. കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളെ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നു. ഇതിൽ പലരും ഇപ്പോൾ പരാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയതായും ഇവർ പറയുന്നു.
മിസ് സൗത്ത് ഇന്ത്യയും 2019 ലെ മിസ് കേരളയുമായ അൻസി കബീറും(25) 2019 ലെ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും(26) സൈജു കാറിൽ പിന്തുടർന്നതിനെ തുടർന്ന് അപകടത്തിൽ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്പാണ് ഇവർ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് ദുരുപയോഗം ചെയ്തതെന്ന് ഇരയായ യുവതി പറഞ്ഞു.
തലനാരിഴയ്ക്കാണ് നമ്പർ 18 ഹോട്ടലിൽ നിന്നു രക്ഷപ്പെട്ടത്. നിരവധി പെൺകുട്ടികളെ ജോലിക്കെന്ന പേരിൽ കൂടെ നിർത്തി ലഹരി നൽകി ദുരുപയോഗം ചെയ്തിട്ടുണ്ട്.
രണ്ടര മാസത്തെ പരിചയമാണ് ഇവരുമായുള്ളത്. ഇവരുടെ സ്ഥാപനത്തിൽ ജോലിക്കെടുത്ത് തന്നെയും ദുരുപയോഗം ചെയ്യാനായിരുന്നു ശ്രമം. അവിടെ ജോലിക്കെത്തുന്നതിന് ഒന്നര മാസം മുമ്പ് ഒരു പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയ വിവരം അറിയുന്നതു പിന്നീടാണ്. സ്വയംസംരംഭക എന്നു വിശേഷിപ്പിച്ചു മാധ്യമങ്ങളിൽ വൻ പരസ്യം നൽകിയാണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. അശ്ലീല വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയും പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്.
22 വയസൊക്കെ മാത്രം പ്രായമുള്ള യുവതികളെയാണ് ഇവിടെ കൊണ്ടുവന്നു ദുരുപയോഗം ചെയ്തിരുന്നത്. നമ്പർ 18 ഹോട്ടലിൽ എത്തി കഴിക്കാൻ മദ്യം നൽകിയപ്പോൾ കൂട്ടാക്കിയില്ല. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്നവർ തടഞ്ഞു മുകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. അവിടെയുണ്ടായിരുന്നവരോടു റോയി ലൈംഗികമായി പെരുമാറുന്നതാണ് കണ്ടത്. റോയി വന്ന് അവിടെ താമസിപ്പിക്കാൻ ശ്രമം നടത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ഒരാളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പോകാൻ ശ്രമിച്ചു. അവിടെ നിന്നു കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ വേറെ ഹോട്ടലിൽ താമസിപ്പിച്ചു ട്രാപ്പിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
മോഡലുകളുടെ മരണം ഉണ്ടായതിനു പിന്നാലെ ഫോർട്ടു കൊച്ചി സ്റ്റേഷനിൽ നിന്ന് അഞ്ജലിക്കു വിളി വന്നിരുന്നു. ഇത് അറിഞ്ഞതോടെയാണ് അഞ്ജലിയാണ് പ്രധാന പ്രതിയെന്നു മനസിലാകുന്നത്. ഇതോടെ സംഭവിച്ചതെല്ലാം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് അറിയിച്ചിരുന്നു.
അഞ്ജലിക്കൊപ്പം ജോലി ചെയ്യുമ്പോൾ ഇവർ ലഹരി ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ രക്തസമ്മർദ്ദത്തിനുള്ള മരുന്നാണ് എന്നാണ് പറഞ്ഞത്. അമ്മ മരിച്ചത് ബിപി കുറഞ്ഞാണ്, തനിക്കും ബിപി കുറവാണ് എന്നാണ് പറഞ്ഞിരുന്നത്.
പരാതിയുമായി ചെന്നപ്പോൾ എക്സൈസുകാർ കാണിച്ചു തന്നപ്പോഴാണ് ഇതെല്ലാം എംഡിഎംഎ പോലുള്ള ലഹരി മരുന്നാണ് എന്നു മനസിലാകുന്നത്. ഇവർ നാർകോട്ടിക് ലിസ്റ്റിലുള്ള വിവരം അറിഞ്ഞ് നേരിട്ടു തന്നെ ചോദിച്ചിരുന്നു. അത് സമ്മതിക്കുകയും ചെയ്തു. ഇതോടെ പേടിയായി ജോലിക്കു പോകാതിരിക്കുകയായിരുന്നു.
മോഡലുകൾ മരിച്ച സംഭവത്തിനു പിന്നാലെ ഇവർ ഒളിവിൽ പോകുകയായിരുന്നു. സൈജു കേസിൽ പെട്ട് ഒളിവിൽ താമസിക്കാൻ അഞ്ജലിയുടെ സഹായം തേടിയിരുന്നു. ഇവരുടെ വലയിൽ അകപ്പെട്ട പെൺകുട്ടികൾ പലരും ഇപ്പോഴും കടുത്ത മാനസിക സമ്മർദത്തിലാണ്. ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്താനെത്തിയപ്പോൾ പലതും കരഞ്ഞുപറഞ്ഞ പെൺകുട്ടികളുണ്ട്. ലഹരിക്കടത്തിനു പുറമേ പെൺകുട്ടികളെ കടത്തുന്നതാണ് ഇവരുടെ രീതിയെന്നാണ് മനസിലായത്.
ഇവരുടെ വലയിലായ പെൺകുട്ടികൾ പലരും വീട്ടിൽ പോലും പോകാൻ തയാറാകാതെ ലഹരിക്ക് അടിമയായി കഴിയുന്നുണ്ട്. ഇതു മനസിലായതോടെയാണ് പരാതിയുമായി മുന്നോട്ടു വന്നത്. ഇതോടെ പ്രതികളുടെ ഭാഗത്തു നിന്നു കടുത്ത ഭീഷണിയാണുള്ളതെന്നും അതിജീവിത പറഞ്ഞു