കൊച്ചി നഗരത്തില്‍ പട്ടാപ്പകൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; യാത്രക്കാരുമായി വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് തല്ലിത്തകര്‍ത്തു; മൂന്ന് പേര് കസ്റ്റഡിയില്‍
സ്വന്തം ലേഖിക
കൊച്ചി: നഗരമധ്യത്തില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം.
യാത്രക്കാരുമായി എറണാകുളത്തേയ്ക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് തല്ലിത്തകര്‍ത്തു.
കലൂര്‍ ഹൈസ്കൂളിനു മുന്നില്‍വച്ചാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ സ്വകാര്യ ബസിലെ മൂന്നു ജീവനക്കാര്‍ പിടിയിലായി. ഇവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബസിന്റെ ചില്ലും മറ്റും അടിച്ചുതകര്‍ത്തു. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു പ്രതികളുടെ അഴിഞ്ഞാട്ടം.
കോതമംഗലം ഡിപ്പോയില്‍നിന്നു യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് തകര്‍ത്തത്. യാത്രയ്ക്കിടെ തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിന്റെ ഇടതുവശത്തൂടി മുന്നോട്ടു പോകാന്‍ ശ്രമിച്ചു. ഇതു ബസുകള്‍ തമ്മില്‍ ഉരയുന്നതിന് ഇടയാക്കി. കെഎസ്ആര്‍ടിസി ബസിനു തകരാറുണ്ടായത് ഡ്രൈവര്‍ ചോദ്യം ചെയ്തു. ഇതിന്റെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും സ്വകാര്യ ബസ് ജീവനക്കാര്‍ വെല്ലുവിളിക്കുകയും ചെയ്തു.
തുടര്‍ന്നു കുതിച്ചെത്തിയ സ്വകാര്യ ബസ് കലൂര്‍ ഹൈസ്കൂളിനു മുന്നില്‍വച്ചു കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി. പിന്നാലെ കണ്ടക്ടറും ഡ്രൈവറും ഉള്‍പ്പെടെ മൂന്നു പേര് അസഭ്യം പറയുകയും ബസ് അടിച്ചുതകര്‍ക്കുകയുമായിരുന്നു. 20,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.