play-sharp-fill
മന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തിൻ്റെ റൂട്ട് മാറ്റിയതിൽ പൊലീസ് ഉദ്യോഗസ്ഥന്  സസ്പെൻഷൻ; പിറ്റെ ദിവസം തന്നെ  മന്ത്രിയെ ‘വട്ടംചുറ്റിച്ച’ ഉദ്യോഗസ്ഥന്  മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും; വിവാദത്തിന് പിന്നാലെ ആശയക്കുഴപ്പവും……!

മന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തിൻ്റെ റൂട്ട് മാറ്റിയതിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; പിറ്റെ ദിവസം തന്നെ മന്ത്രിയെ ‘വട്ടംചുറ്റിച്ച’ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും; വിവാദത്തിന് പിന്നാലെ ആശയക്കുഴപ്പവും……!

സ്വന്തം ലേഖിക

തിരുവനന്തപുരം: സസ്പെൻഷൻ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍.

കഴിഞ്ഞ ദിവസമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന് ആധാരമായ സംഭവം നടന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെ മന്ത്രി പി.രാജീവിൻ്റെ എസ്‌കോര്‍ട്ട് വാഹനത്തിൻ്റെ റൂട്ട് മാറ്റിയതിനാണ് നടപടി.
സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട മുന്നു ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് സസ്പെന്‍ഷൻ്റെ പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരിക്കുന്നു എന്ന വിചിത്രമായ സംഗതിയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ജില്ലയില്‍ പള്ളിച്ചല്‍ മുതല്‍ വെട്ടുറോഡ് വരെ എസ്‌കോര്‍ട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടിയുണ്ടായത്. ഗ്രേഡ് എസ്‌ഐ എസ്‌ എസ് സാബുരാജന്‍, സിപിഒ സുനില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ ബാബുരാജനെയാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തേടിയെത്തിയത്.

മന്ത്രിക്ക് ബുദ്ധമുട്ടുണ്ടായെന്നാണ് സസ്പെന്‍ഷന്‍ സംബന്ധിച്ച്‌ സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവില്‍ വ്യക്തമാക്കിയത്. നടപടിക്കെതിരേ പൊലീസ് സേനയില്‍ വ്യാപകമായ അമര്‍ഷമുയരുന്ന സാഹചര്യത്തിലാണ് മെഡല്‍ നേട്ടവും എത്തുന്നത്. മന്ത്രിയുടെ ഓഫീസില്‍ നിന്ന് അമര്‍ഷം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നുള്ളതാണ് പുറത്തു വന്ന വിവരം.

എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് ഇന്നു വ്യക്തമാക്കി. തിരക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയത്. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന എസ്‌ഐയെയും പൊലീസുകാരനെയുമാണ് സസ്പെന്‍ഡ് ചെയ്തത്.

ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ റൂട്ട് മാറ്റിയെന്നാണ് നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ പതിവ് റൂട്ട് മാറ്റിയതില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച്‌ മന്ത്രി പരാതി അറിയിച്ചെന്നാണ് പുറത്തു വന്ന വിവരം. എന്നാല്‍ മന്ത്രിയല്ല പരാതി പറഞ്ഞതെന്നും ഗണ്‍മാനാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.