കേസ് നടത്താനും പ്രതികളെ ജാമ്യത്തിലിറക്കാനും മൂന്നു ലക്ഷം രൂപ ആവശ്യമുണ്ട്..! സോഷ്യൽ മീഡിയയിൽ പിരിവെടുക്കാൻ പോസ്റ്റിട്ട് വി ഫോർ കൊച്ചി; ആവശ്യമുള്ളത് മൂന്നു ലക്ഷത്തിലധികം രൂപ

കേസ് നടത്താനും പ്രതികളെ ജാമ്യത്തിലിറക്കാനും മൂന്നു ലക്ഷം രൂപ ആവശ്യമുണ്ട്..! സോഷ്യൽ മീഡിയയിൽ പിരിവെടുക്കാൻ പോസ്റ്റിട്ട് വി ഫോർ കൊച്ചി; ആവശ്യമുള്ളത് മൂന്നു ലക്ഷത്തിലധികം രൂപ

തേർഡ് ഐ ബ്യൂറോ

കൊച്ചി: ഒരു ആവേശത്തിനു ചെയ്തു പോയതാണ്.. ഇനി രക്ഷപെടണമെങ്കിൽ നാട്ടുകാർ സഹായിക്കേണ്ടി വരും. പാലാരിവട്ടം വൈറ്റില മേൽപ്പാലങ്ങൾ തുറന്നു നൽകുന്നതിനു വേണ്ടി ആവേശത്തോടെ രംഗത്തിറങ്ങിയ വി.ഫോർ കൊച്ചി പ്രവർത്തകർക്കു വൻ തിരിച്ചടി.

ഉദ്ഘാടനത്തിനു മുൻപ് വൈറ്റില മേൽപാലം തുറന്നു കൊടുത്ത കേസിൽ അറസ്റ്റിലായ വി ഫോർ കൊച്ചി നേതാക്കളെയും പ്രവർത്തകരെയും ജാമ്യത്തിലിറക്കാൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സംഘടന. കേസ് നടത്തിപ്പിനും ജാമ്യത്തുകകൾ കെട്ടിവയ്ക്കുന്നതിനുമായി മൂന്ന് ലക്ഷം രൂപയ്ക്കുമേൽ ആവശ്യമുണ്ടെന്ന് പറഞ്ഞ് വി ഫോർ കൊച്ചി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടം വാങ്ങിയാണ് പ്രവർത്തകരെ ജാമ്യത്തിലിറക്കിയത്. വക്കീലൻമാരുടെ ഫീസുകൾ ഇതുവരെ കൊടുത്തിട്ടില്ല. അതുകൊണ്ട് വി ഫോർ കേരളയെ സ്നേഹിക്കുന്നവർ സംഭാവന നൽകണമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഉദ്ഘാടനത്തിനു മുൻപ് വൈറ്റില മേൽപാലം തുറന്നു കൊടുത്ത കേസിൽ ‘വി ഫോർ കൊച്ചി’ ക്യാമ്ബയിൻ കൺട്രോളർ നിപുൺ ചെറിയാന് ജാമ്യം ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച പുറത്തിറങ്ങാൻ സാധിക്കും.

ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ആൾ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. നിപുൺ എറണാകുളം ജില്ല വിട്ടു പോകരുതെന്നും വ്യവസ്ഥയിലുണ്ട്.

ഉദ്ഘാടനം കഴിയാത്ത വൈറ്റില മേൽപ്പാലം തുറന്ന് വാഹനങ്ങൾ കടത്തിവിട്ടത് സംഭവത്തിൽ ‘വി ഫോർ’ പ്രവർത്തകരായ നാലുപേരെയാണ് ജനുവരി എട്ടിന് പൊലീസ് അറസ്റ്റ് ചെയ്തത്. കോർഡിനേറ്റർ നിപുൺ ചെറിയാൻ, ആഞ്ചലോസ്, റാഫേൽ, സൂരജ് എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തിരുന്നു. നാൽപതോളം പൊലീസുകാർ അർധരാത്രി കാക്കനാട്ടെ ഫ്‌ലാറ്റ് വളഞ്ഞാണ് നിപുണിനെ അറസ്റ്റ് ചെയ്തത്.

അതേസമയം, പാലം തുറക്കുന്നതിനുവേണ്ടി സമരത്തിലായിരുന്നെങ്കിലും തുറന്നത് തങ്ങളല്ലെന്ന് ‘വി ഫോർ’ ഭാരവാഹികൾ പറഞ്ഞിരുന്നു. പണി പൂർത്തിയായി ഭാരപരിശോധന കഴിഞ്ഞിട്ടും പാലം തുറക്കാത്തതിനെതിരെ വി ഫോർ സംഘടന രംഗത്തെത്തിയിരുന്നു.

ജനുവരി ഏഴിന് രാത്രി ഏഴോടെ ആലപ്പുഴ ഭാഗത്തുനിന്ന് വന്ന വാഹനങ്ങളാണ് ആദ്യം പാലത്തിന്റെ തുടക്കത്തിലെ ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്. പാലം ഗതാഗതത്തിന് തുറന്നുനൽകിയിട്ടില്ലെന്നത് ആലോചിക്കാതെ വിമാനത്താവളത്തിലേക്ക് പോകാനുള്ളവരടക്കം മേൽപ്പാലത്തിൽ കയറി. ഇവരെയെല്ലാം പൊലീസ് എത്തി ബലമായി തിരിച്ചിറക്കുകയായിരുന്നു. വാഹനങ്ങളെല്ലാം അരമണിക്കൂറിലധികം കുടുങ്ങിക്കിടന്ന ശേഷമാണ് പ്രശ്നത്തിനു പരിഹാരമായത്.