video
play-sharp-fill
കേരളാ ക്രിക്കറ്റ് ലീഗ് : കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു 64 റണ്‍സിന്റെ തകര്‍പ്പന്‍ ജയം ; ബ്ലൂടൈഗേഴ്സിലെ ജോബിന്‍ ജോബി മാന്‍ ഓഫ് ദ മാച്ച്

കേരളാ ക്രിക്കറ്റ് ലീഗ് : കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു 64 റണ്‍സിന്റെ തകര്‍പ്പന്‍ ജയം ; ബ്ലൂടൈഗേഴ്സിലെ ജോബിന്‍ ജോബി മാന്‍ ഓഫ് ദ മാച്ച്

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിലെ നാലാം ദിവസത്തെ രണ്ടാം മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആലപ്പി റിപ്പിള്‍സിനെതിരേ 64 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പുഴയ്ക്ക് 154 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. ബ്ലൂടൈഗേഴ്സിലെ ജോബിന്‍ ജോബിയാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് കൊച്ചിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും സ്വപ്നതുല്യമായ തുടക്കമാണ് ബ്ലൂ ടൈഗേഴ്സിന് സമ്മാനിച്ചത്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും ഇവർ രചിച്ചു. 140 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇവർ പടുത്തുയര്‍ത്തിയത്. 48 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും ആറു ബൗണ്ടറിയും ഉള്‍പ്പെടെ 79 റണ്‍സാണ് ജോബിന്‍ അടിച്ചെടുത്തത്. സ്‌കോര്‍ 162-ല്‍ എത്തിയപ്പോള്‍ ആനന്ദ് കൃഷ്ണന്റെ വിക്കറ്റ് നഷ്ടമായി. 51 പന്ത് നേരിട്ട ആനന്ദ് നാല് സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പെടെ 69 റണ്‍സ് സ്വന്തമാക്കി. അവസാന ഓവറുകളില്‍ ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്റെ വെടിക്കെട്ട് ബാറ്റിംഗ് ബ്ലൂ ടൈഗേഴ്സിന്റെ സ്‌കോര്‍ 200 കടത്തി. ഒന്‍പത് പന്ത് നേരിട്ട ഉണ്ണികൃഷ്ണന്‍ അഞ്ച് സിക്‌സ് ഉള്‍പ്പെടെ പുറത്താകാതെ 34 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഷോണ്‍ റോജര്‍ 14 പന്തില്‍ നിന്നും 28 റണ്‍സ് അടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ സ്‌കോറായ 218 റണ്‍സ് കുറിച്ചാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ബാറ്റിംഗ് അവസാനിപ്പിച്ചത്. ഏഴു ബൗളര്‍മാരെ മാറ്റി പരീക്ഷിച്ചെങ്കിലും കൊച്ചിയുടെ കൂടുതല്‍ വിക്കറ്റുകള്‍ പിഴുതെടുക്കാന്‍ റിപ്പിള്‍സിന് കഴിഞ്ഞില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിനു ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീന്‍, വിനൂപ് മനോഹരന്‍ എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ ബേസില്‍ തമ്പിയുടെ ആദ്യ ഓവറില്‍ തന്നെ പുറത്തായി. ടി.കെ അക്ഷയാണ് ആലപ്പുഴ റിപ്പിള്‍സിന്റെ ടോപ് സ്‌കോറർ. 33 പന്തില്‍ നിന്ന് നാലു സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സാണ് അക്ഷയ് നേടിയത്. 22 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ആല്‍ഫി ഫ്രാന്‍സീസിന്റെ പ്രകടനം കാണികളെ ആവേശത്തിലാക്കി. 17.3-ാം ഓവറില്‍ ബേസില്‍ തമ്പി ഫാനൂസിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയതോടെ ആലപ്പി റിപ്പിള്‍സിന്റെ ഇന്നിംഗ്‌സ് 154ന് അവസാനിച്ചു. ബേസില്‍ തമ്പിയും പി.എസ് ജെറിനും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി മൂന്നു വിക്കറ്റ് വീതം നേടി.