കൊച്ചിയിൽ ബൈക്ക് മോഷണക്കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ സ്വദേശികൾ; പ്രതികൾക്കെതിരെ നിരവധി മോഷണക്കേസുകൾ
സ്വന്തം ലേഖകൻ
കൊച്ചി: ബൈക്ക് മോഷണക്കേസിൽ യുവതിയും യുവാവും എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശികളായ ഷുഹൈബ്, സാന്ദ്ര എന്നിവരെയാണ് സെൻട്രൽ പോലീസ് പിടികൂടിയത്. ഷുഹൈബിനെതിരെ എട്ടു മോഷണക്കേസുകളുണ്ട്. ഇരുവരെയും റിമാൻഡ് ചെയ്തു.
ഞായറാഴ്ച്ച പുലർച്ചെ നാലുമണിയോടെ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി അനൂപിന്റെ നേതൃത്വത്തിൽ പെട്രോളിങ് നടത്തുമ്പോഴാണ് നമ്പർ പ്ലേറ്റ് ഇല്ലാതെ എറണാകുളം ബോട്ട് ജെട്ടിയുടെ ഉൾഭാഗത്ത് ആളുകൾ ശ്രദ്ധിക്കാത്ത വിധത്തിൽ ഒരു ബൈക്ക് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബൈക്ക് പരിശോധിച്ചപ്പോൾ എൻജിൻ ഭാഗം ചൂടായിരിക്കുന്നതായി പോലീസിന് മനസിലായി. തുടർന്ന് ചെയ്സ് നമ്പറിൽനിന്നു വാഹനത്തിന്റെ വിവരങ്ങൾ എടുത്തു. ഇതോടെ കണ്ണൂർ മട്ടന്നൂർ ഭാഗത്തുനിന്ന് മോഷണം പോയ വാഹനമാണിതെന്ന് പോലീസിന് വ്യക്തമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂർ പോലീസുമായി ബന്ധപ്പെട്ടതോടെ മോഷ്ടാക്കളുടെ വീഡിയോ ദൃശ്യം സെൻട്രൽ പോലീസിന് ലഭിച്ചു. അതിൽനിന്നു, മോഷണം നടത്തിയത് ഒരു യുവതിയും യുവാവും ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും നേരത്തെ പല കേസുകളിലായി പ്രതികളായിരുന്നു. പ്രതിയായ ഷുഹൈബ് നിലവിൽ മോഷണം അടക്കം എട്ടു കേസുകളിൽ പ്രതിയാണ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ എറണാകുളം ഭാഗത്തുനിന്ന് കൂടുതൽ ബൈക്കുകൾ മോഷണം നടത്തിയെന്ന് സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.