കെ.എം മാണിയ്ക്ക് നാട് വിട നൽകി: കെ.എം മാണി മനുഷ്യസ്‌നേഹിയായ പൊതുപ്രവർത്തകൻ: ഉമ്മൻചാണ്ടി എംഎൽഎ

കെ.എം മാണിയ്ക്ക് നാട് വിട നൽകി: കെ.എം മാണി മനുഷ്യസ്‌നേഹിയായ പൊതുപ്രവർത്തകൻ: ഉമ്മൻചാണ്ടി എംഎൽഎ

സ്വന്തം ലേഖകൻ

പാലാ: നാടിന്റെ നായകനായ, അരനൂറ്റാണ്ട് കാലം കേരളത്തെ നയിച്ച കെ.എം മാണിയ്ക്ക് നാട് വിട നൽകി. പതിനായിരങ്ങൾ കണ്ണീരോടെ കെ.എം മാണിയ്ക്ക് പാലാ വിട നൽകി. പാലാ കത്തീഡ്രൽ ദേവാലയത്തിലെ കുടുംബ കല്ലറയിൽ കെ.എം മാണി അന്ത്യ വിശ്രമം കൊണ്ടു. വൈകിട്ട് ആറരയോടെ കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി കെ.എം മാണി മാറി.
മലങ്കര കത്തോലിക്കാ സഭ അധിപൻ കർദ്ദിനാൾ മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികനായിരുന്നു. ലത്തീൻ സഭാ ആർച്ച് ബിഷപ്പ് മാർ സൂസപാക്യം, പാലാ ബിഷപ്പ് മാർ ജോസഫ്, മാർ ജേക്കബ്ബ് മുരിയ്ക്കൻ, മാർ മാത്യു അറയ്ക്കൽ, മാർ മാത്യു മൂലക്കാട്ട്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ജോസഫ് പുളിക്കൻ തുടങ്ങി പത്തോളം ബിഷപ്പുമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ വി തോമസ്, പി ജെ കുര്യൻ, കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ്, എം പിമാർ, എം എൽ എമാർ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രഗൽഭർ എന്നിവരെല്ലാം സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് മണിയോടെ കൊട്ടാരമറ്റം ബൈപ്പാസിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ നിന്നും പുറപ്പെട്ട കെ എം മാണിയെയും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 4.45 ഓടെയാണ് കത്തീഡ്രൽ ദേവാലയത്തിൽ പ്രവേശിച്ചത്. മകൻ ജോസ് കെ മാണിയും മാണിസാർ മകനെപ്പോലെ സ്‌നേഹിച്ചിരുന്ന റോഷി അഗസ്റ്റിൻ എം എൽ എയും ചേർന്നാണ് ശവമഞ്ചം ദേവാലയത്തിലേക്ക് എടുത്തത്. കെ എം മാണിയുടെ കുടുംബാംഗങ്ങൾ മുഴുവൻ മൃതദേഹത്തെ അനുഗമിച്ചു.

കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രയായിരുന്നു ബുധനാഴ്ച കൊച്ചിയിൽ നിന്നും കെ എം മാണിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള യാത്ര. 80 കി.മീറ്റർ ദൂരം പിന്നിട്ടത് 21 മണിക്കൂറുകൾ കൊണ്ടാണ്. അർദ്ധരാത്രി മുഴുവൻ വിലാപയാത്ര കടന്നുപോയ വഴികളിൽ ജനങ്ങൾ കാത്ത് നിന്ന് പ്രിയ നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

വിലാപയാത്ര പത്തും പന്ത്രണ്ടും മണിക്കൂർ വരെ വൈകിയിട്ടും പകൽ തുടങ്ങിയ കാത്ത് നിൽപ്പ് അർദ്ധരാത്രിയും പുലർച്ചെ വരെയും ജനം തുടർന്നു.

വൈകിട്ട് 5 മണിക്ക് എത്തും എന്ന് പറഞ്ഞിടത്ത് രാവിലെ 5 മണിയോടെയാണ് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ മരങ്ങാട്ടുപള്ളിയിലെത്തിയത്. അപ്പോഴും ആയിരക്കണക്കിന് ആളുകളാണ് അവിടെ കാത്ത് നിന്നതെന്നതാണ് അതിശയിപ്പിക്കുന്നത്.

വീണ്ടും വള്ളീച്ചിറയിലെത്തി മാണി സാറിൻറെ വീട്ടിലേക്കുള്ള രണ്ടര കിലോമീറ്റർ ദൂരം വിലാപയാത്ര താണ്ടിയത് ഒരു മണിക്കൂർ കൊണ്ടാണ്. പുലർച്ചെയെത്തിയിട്ടും ആളുകൾ മാണിസാറിനെ കാണാതെ പിരിഞ്ഞുപോകാൻ തയാറായില്ല.

രാവിലെ 7.10 ന് മൃതദേഹം അവസാന യാത്രയ്ക്കായി പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയപ്പോൾ പാലാ ബൈപ്പാസും വീടും പരിസരങ്ങളും മുഴുവൻ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. പിന്നെ രാഷ്ട്രീയ, സിനിമ, സാമുദായിക, സാംസ്‌കാരിക രംഗത്തെ പ്രഗൽഭ വ്യക്തിത്വങ്ങൾ പാലായിലെക്ക് ഒഴുകി.

ഉച്ചയ്ക്ക് രണ്ടു മണിക്ക് മുൻ നിശ്ചയിച്ച പ്രകാരം സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നതിനായി പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. അപ്പോഴേക്കും കാത്ത് നിന്ന ആയിരകണക്കിന് ആളുകൾക്ക് മൃതദേഹം ഒരു നോക്ക് കാണാനായില്ല.

മൂന്ന് മണിക്ക് മാണി സാറിൻറെ പ്രിയ ഭവനമായ പാലാ വീട്ടിൽ നിന്ന് പുറത്തേക്ക് എടുത്ത മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര മാണി സാർ പതിവായി സഞ്ചരിച്ച അദ്ദേഹം തന്നെ സൃഷ്ടിച്ചെടുത്ത പ്രിയപ്പെട്ട റോഡായ പാലാ പട്ടണത്തിലൂടെ നഗരപ്രദക്ഷിണം പൂർത്തിയാക്കിയാണ് ദേവാലയത്തിലെത്തിച്ചത്. അതോടെ പ്രിയങ്കരനായ ജനനേതാവ് 86 വർഷത്തെ യാത്ര പൂർത്തിയാക്കി അന്ത്യവിശ്രമത്തിലേക്ക് പ്രവേശിച്ചു.

തുടർന്ന് ചേർന്ന അനുശോചന യോഗത്തിൽ
മാണിസാർ മനുഷ്യസ്‌നേഹിയായ പൊതുപ്രവർത്തകനും, യു.ഡി എഫിന്റെ സമുന്നത നേതാവുമായിരുന്നുകരുതലിന്റെ അടയാളമാണ് അദ്ദേഹം നടപ്പിലാക്കിയ കാരുണ്യ ചികിത്സാ പദ്ധതിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.പാലാ പൗരവലി ഒരുക്കിയ അനുശോചന യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘ദീപിക മാനേജിംഗ് ഡയറക്ടർ ഫാ.മാത്യൂ ചന്ദ്രൻകുന്നേൽ അധ്യക്ഷം വഹിച്ചു.പി.ജെ.ജോസഫ് എം.എൽ എ, സി.എഫ് തോമസ് എംഎൽഎ.ഡോ.എൻ ജയരാജ് എം എൽ എ അനൂപ് ജേക്കബ് എം.എൽ എ, റോഷി അഗസ്റ്റിൻ എം എൽ എ, ജോണി നെല്ലൂർ, തോമസ് ചാഴികാടൻ,സ്‌കറിയാ തോമസ്, വി.എൻ വാസവൻ,ജോയി എബ്രാഹം എക്‌സ് എം പി, ഫ്രാൻസിസ് ജോർജ്, ജി.ദേവരാജൻ ,സണ്ണി തെക്കേടം ലതിക സുഭാഷ് ഡോ.ബാബു സെബാസ്റ്റ്യൻ, പി.സി തോമസ് ബിജി ജോജോ, ഫിലിപ്പ് കുഴികുളം എന്നിവർ പ്രസംഗിച്ചു.