കെവിൻ കേസിൽ വിധിക്ക് മുമ്പുള്ള വാദം തുടങ്ങി: അപൂർവങ്ങളിൽ അപൂർവമല്ലെന്നും ശിക്ഷ കുറയ്ക്കണമെന്നും പ്രതിഭാഗം

കെവിൻ കേസിൽ വിധിക്ക് മുമ്പുള്ള വാദം തുടങ്ങി: അപൂർവങ്ങളിൽ അപൂർവമല്ലെന്നും ശിക്ഷ കുറയ്ക്കണമെന്നും പ്രതിഭാഗം

സ്വന്തം ലേഖകൻ

കോട്ടയം: നിർണ്ണായകമായ കെവിൻ കേസിൽ ശിക്ഷ വിധിയക്ക് മുമ്പുള്ള അന്തിമ വാദം കോടതിയിൽ ആരംഭിച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രനാണ് കേസിൽ അന്തിമവാദം കേൾക്കുന്നത്. കേസിൽ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയ പത്ത് പ്രതികളും കോടതിയിൽ എത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കെവിന്റെ കാമുകി നീനുവിന്റെ സഹോദരനുമായ ഷാനുവിനെ ഒഴികെയുള്ള എല്ലാ പ്രതികളെയും അരികിൽ വിളിച്ച് ശിക്ഷയ്ക്ക് മുൻപ് അന്തിമമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി കേട്ടു. പ്രതികളുടെ പ്രായം , മുൻപ് ക്രിമിനൽ കേസിൽ പ്രതിയല്ല എന്നിവ പരിഗണിച്ച് വേണം ശിക്ഷ വിധിക്കാനെന്ന പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യം മാത്രമല്ല വ്യക്തിയെയും പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സാധാരണക്കാരെ സഹായിച്ചിരുന്ന വ്യക്തി. സാധാരണക്കാരെ സഹായിക്കാൻ പണം അയച്ച് നൽകിയിരുന്നു എന്ന് സാക്ഷികളിൽ ഒരാൾ തന്നെ കോടതിയിൽ പറഞ്ഞിട്ടുണ്ട്. കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കണമെങ്കിൽ പ്രതി സമൂഹത്തിന് ഭീഷണി ആയ ആൾ ആകണം, സമൂഹത്തിൽ നിന്ന് തുടച്ച് നീക്കപ്പെടേണ്ടതാകണം. എന്നാൽ ഷാനുവോ മറ്റ് പ്രതികളോ ഈ വിഭാഗത്തിൽ വരുന്നവരല്ല എന്നും കോടതിയിൽ പ്രതിഭാഗം വാദിച്ചു. പകൽ അതിക്രൂരമായല്ല കുറ്റകൃത്യം നടന്നത്. ക്രൂരതയുള്ളതായി പരിക്കുകളും പറയുന്നില്ല. അത് കൊണ്ട് തന്നെ അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാനാവില്ലന്നായിരുന്നു വാദം. കോടതിയിൽ വാദം തുടരുകയാണ്.