അവനെ കൊല്ലാം, ഞാൻ ചെയ്തോളാം’ : കെവിനെ കൊന്നത് തന്നെ: പ്രതികളുടെ വാട്‌സ്അപ്പ് സന്ദേശം കോടതിയിൽ; ഷാനുവിനും അച്ഛനും കുരുക്ക് മുറുകുന്നു; ആദ്യഘട്ട വിചാരണ പൂർത്തിയായി

അവനെ കൊല്ലാം, ഞാൻ ചെയ്തോളാം’ : കെവിനെ കൊന്നത് തന്നെ: പ്രതികളുടെ വാട്‌സ്അപ്പ് സന്ദേശം കോടതിയിൽ; ഷാനുവിനും അച്ഛനും കുരുക്ക് മുറുകുന്നു; ആദ്യഘട്ട വിചാരണ പൂർത്തിയായി

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: കെവിനെ പ്രതികൾ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാകുന്ന കൂടുതൽ തെളിവുകൾ പുറത്തു വന്നു. കേസിന്റെ വിചാരണയുടെ ആദ്യഘട്ടം പൂർത്തിയായ വെള്ളിയാഴ്ചയാണ് കേസിൽ ഏറെ നിർണ്ണായകമാകുന്ന തെളിവുകൾ കോടതിയിൽ പ്രദർശിപ്പിച്ചത്. ‘അവനെ കൊല്ലാം, ഞാൻ ചെയ്തോളാം’ എന്ന് കെവിന്റെ പേര് സഹിതം ഷാനു അച്ഛൻ ചാക്കോയ്ക്ക് അയച്ച വാട്‌സ്അപ്പ് സന്ദേശമാണ് കോടതിയിൽ പ്രദർശിപ്പിച്ചത്. ഇത് അടക്കമുള്ള തെളിവുകൾ പ്രതികൾക്ക് ഏറെ കുരുക്കാവുന്നതാണ്.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.ജയചന്ദ്രൻ മുമ്പാകെ സ്‌പെഷ്യൽ പ്രോസിക്യുട്ടർ അഡ്വ.സി.എസ് അജയനാണ് തെളിവുകൾ ഹാജരാക്കിയത്. കേസിലെ 89 -ാം സാക്ഷി സന്തോഷ് പ്രതിയായ ഷാനുവിനെയും ഈ തെളിവുകളും തിരിച്ചറിഞ്ഞു. ഷാനു ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂർ കറിക്കാട്ടേരി സോയി വർക്കിയുടെ അയൽവാസിയായിരുന്നു സന്തോഷ്. തെളിവെടുപ്പും, ഫോൺ രേഖകളും അടക്കമുള്ള പിടിച്ചെടുക്കുമ്പോൾ സാക്ഷിയായിരുന്നു സന്തോഷ്. സന്തോഷിന്റെ വിചാരണയോടെ കേസിന്റെ ആദ്യ ഘട്ടം പൂർത്തിയായി. ഇനി രണ്ടാം ഘട്ടം 13 ന് ആരംഭിക്കും.
കൊലപാതകം നടത്തിയ ശേഷം ഷാനു ചാക്കോ കണ്ണൂരിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും കീഴടങ്ങാൻ പോകുന്നതിനു മുൻപ് മൊബൈൽ ഫോൺ എടുക്കാൻ ഷാനു മറന്നിരുന്നു. ഈ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് ഇതിൽ നിന്നാണ് വാട്‌സ്അപ്പ് സന്ദേശങ്ങൾ കണ്ടെത്തിയത്.
കേസിലെ ഏഴാം പ്രതി സജാദ്, പത്താം പ്രതി വിഷ്ണു, എട്ടാം പ്രതി നിഷാദ്, പതിമൂന്നാം പ്രതി ഷിനു എന്നിവരെ കുമളിയിലെ ഹോം സ്‌റ്റേ നടത്തിപ്പുകാരൻ ജിനദേവൻ തിരിച്ചറിഞ്ഞിട്ടുണ്ട്.  കേസിൽ 186 സാക്ഷികളും 180 തെളിവ് പ്രമാണരേഖകളും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റക്കൽ ചാക്കോ, സഹോദരൻ സാനു എന്നിവരടക്കം 14 പ്രതികളാണുള്ളത്.