play-sharp-fill
കോട്ടയം നഗരത്തിൽ പലയിടത്തും വൈദ്യുതി മുടങ്ങിയിട്ട് നാലു ദിവസം: സംക്രാന്തിയിലും അയ്മനത്തും ഇരുട്ടിന്റെ നിറവ്; സിമന്റ് കവലയിൽ ട്രാൻസ്‌ഫോമർ മാറ്റം; മൂന്നു മണിക്കൂർ വൈദ്യുതി മുടങ്ങും; മീനച്ചിലാർ നിറഞ്ഞൊഴുകുന്നു; ഡ്രോൺ പകർത്തിയ ചുങ്കത്തു നിന്നുള്ള ദൃശ്യം തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

കോട്ടയം നഗരത്തിൽ പലയിടത്തും വൈദ്യുതി മുടങ്ങിയിട്ട് നാലു ദിവസം: സംക്രാന്തിയിലും അയ്മനത്തും ഇരുട്ടിന്റെ നിറവ്; സിമന്റ് കവലയിൽ ട്രാൻസ്‌ഫോമർ മാറ്റം; മൂന്നു മണിക്കൂർ വൈദ്യുതി മുടങ്ങും; മീനച്ചിലാർ നിറഞ്ഞൊഴുകുന്നു; ഡ്രോൺ പകർത്തിയ ചുങ്കത്തു നിന്നുള്ള ദൃശ്യം തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: മൂന്നു ദിവസമായി തുടർന്ന കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും ഇരുട്ടിൽ. അയ്മനം, സംക്രാന്തി, തുടങ്ങിയ പ്രദേശങ്ങളും കുമരകം അടക്കം പടിഞ്ഞാറൻ മേഖലയിലെ പല പ്രദേശങ്ങളും ഇരുട്ടിയിലായിരിക്കുകയാണ്. ഇതിനിടെ മീനച്ചിലാറും, കൊടൂരാറും നിറഞ്ഞൊഴുകുന്നതും താഴ്ന്ന പ്രദേശങ്ങളെയും പടിഞ്ഞാറൻമേഖലയെയും വെള്ളത്തിലാക്കി. തിങ്കളാഴ്ച രാവിലെ മഴ കുറഞ്ഞു നിന്നിട്ടും പലയിടത്തും വെള്ളക്കെട്ടിന് കുറവുണ്ടായിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് ജില്ലയിൽ കനത്ത മഴ തുടങ്ങിയത്. മഴയും കാറ്റും ശക്തമായതോടെ പല സ്ഥലത്തും മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം പൂർണമായും തടസപ്പെടുകയായിരുന്നു. ഈ സ്ഥലങ്ങളിൽ പലയിടത്തും വൈദ്യുതി വിതരണം ഇനിയും പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. വൈദ്യുതി ലൈനുകൾ തകർന്നു വീണതും, പോസ്റ്റുകൾ ഒടിഞ്ഞതുമാണ് പലയിടത്തും അപകട സാധ്യത ഇരട്ടിയാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കനത്ത മഴയെയും കാറ്റിനെയും തുടർന്ന് ജില്ലയിൽ ഏതാണ്ട് 25 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലയിലെ പല പ്രദേശങ്ങളും ഇരുട്ടിലായത്. ഈ തകരാറുകൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ പലയിടത്തും വീണ്ടും വൈദ്യുതി വിതരണം തകരാറിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തകരാറിലായ നാട്ടകം മുളങ്കുഴ ഭാഗത്തെ ട്രാൻസ്‌ഫോമർ സിമന്റ് കവലയിൽ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ പോസ്റ്റും ട്രാൻസ്‌ഫോമറും മാറ്റി സ്ഥാപിക്കുന്നതിനു മൂന്നു മണിക്കൂർ വരെ വേണ്ടി വരും. ഈ സാഹചര്യത്തിൽ നാട്ടകം പോളിടെക്‌നിക്ക്, സിഎഫ്എൽടിസി, മറിയപ്പള്ളി , മുട്ടം ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്നു കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.