കേരളത്തിന്റെ തീരത്ത് അജ്ഞാത ഡ്രോൺ: സുരക്ഷാ ഭീഷണിയെന്ന് സൂചന; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

കേരളത്തിന്റെ തീരത്ത് അജ്ഞാത ഡ്രോൺ: സുരക്ഷാ ഭീഷണിയെന്ന് സൂചന; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന രീതിയിൽ നിരവധി വിദേശികൾ വിനോദ സഞ്ചാരത്തിനായി എത്തുന്ന കോവളത്ത് കടത്തീരത്തിന്റെ ആകാശത്ത് രാത്രിയിൽ അജ്ഞാത ഡ്രോൾ. പാക്കിസ്ഥാനുമായി ഇന്ത്യ യുദ്ധസമാനമായ സാഹചര്യത്തിൽ നിൽക്കുന്നതിനിടെ ആകാശത്ത് അജ്ഞാത ഡ്രോൺ എത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് തലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകി.
കോവളം, കൊച്ചുവേളി തീരദേശപ്രദേശങ്ങളിലാണ് രാത്രിയിൽ ഡ്രോൺ ക്യാമറ പറത്തിയതായി കണ്ടെത്തിയത്. വിക്രം സാരാഭായ് സ്‌പേസ് റിസർച്ച് സെന്റർ ഉൾപ്പടെയുള്ള അതീവ സുരക്ഷാ മേഖലകളിലാണ് ഡ്രോൺ പറത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസും ഇന്റലിജൻസ് സംയുക്ത അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാത്രി കോവളത്ത് പട്രോളിംഗ് നടത്തിയ പോലീസുകാരാണ് രാത്രി ഒരു മണിയോടെ ഡ്രോൺ പറക്കുന്നത് കണ്ടത്. സാധാരണ പ്രദേശത്ത് ഷൂട്ടിംഗ് നടത്താനായി ഡ്രോൺ പറത്താറുണ്ട്. എന്നാൽ ഇത് പകൽ മാത്രമേ നടത്താറുള്ളൂ. പോലീസ് അനുമതി ഇല്ലാതെ അർദ്ധരാത്രി ആരാണ് ഡ്രോൺ പറത്തിയതെന്നാണ് അന്വേഷിക്കുന്നത്.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് കേരളം ഉൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കർശന നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അർധരാത്രിയിൽ കോവളത്ത് ദുരൂഹസാഹചര്യത്തിൽ ഡ്രോൺ പറത്തിയത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.