അതിഥി തൊഴിലാളികളുടെ മടക്കം തുടരുന്നു; ജില്ലയിൽനിന്ന് ഇതുവരെ പോയത് 9937 പേർ

അതിഥി തൊഴിലാളികളുടെ മടക്കം തുടരുന്നു; ജില്ലയിൽനിന്ന് ഇതുവരെ പോയത് 9937 പേർ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽനിന്നും വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അതിഥി തൊഴിലാളികളുടെ മടക്കയാത്ര തുടരുന്നു. പശ്ചിമ ബംഗാളിലേക്കുള്ള അഞ്ചാമത്തെ ട്രെയിൻ ജൂൺ രണ്ടിനു ഉച്ചകഴിഞ്ഞ് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടു. ഹൗറ സ്റ്റേഷനിലേക്കുള്ള ഈ ട്രെയിനിൽ ജില്ലയിൽ നിന്നുള്ള 1320 തൊഴിലാളികളാണുണ്ടായിരുന്നത്.

തിങ്കളാഴ്ച്ച രാത്രി ബീഹാറിലേക്ക് 1153 പേർ മടങ്ങി. ഇതോടെ ജില്ലയിൽനിന്ന് ഇതുവരെ സ്വദേശത്തേക്ക് പോയ അതിഥി തൊഴിലാളികളുടെ എണ്ണം 9937 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി -350, മീനച്ചിൽ- 345, കോട്ടയം-300, കാഞ്ഞിരപ്പള്ളി – 205, വൈക്കം- 120 എന്നിങ്ങനെയാണ് ഇന്നലെ പശ്ചിമബംഗാളിലേക്ക് പോയവരുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ഇടുക്കിയിൽ നിന്നുള്ള 144 പേരും ഇതേ ട്രെയിനിലുണ്ടായിരുന്നു.

ചങ്ങനാശ്ശേരി-541, കോട്ടയം-342, മീനച്ചിൽ -134, വൈക്കം-69, കാഞ്ഞിരപ്പള്ളി- 67 എന്നിങ്ങനെയാണ് തിങ്കളാഴ്ച്ച ബീഹാറിലേക്ക് പോയവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്.

നേരത്തെ രജിസ്റ്റർ ചെയ്ത ക്രമത്തിലാണ് ജില്ലാ ഭരണകൂടം തൊഴിലാളികൾക്ക് മടക്കയാത്രയ്ക്ക് സൗകര്യമേർപ്പെടുത്തുന്നത്. രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കാതിരുന്ന തൊഴിലാളികൾക്കായി അസിസ്റ്റൻറ് ലേബർ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

വിവിധ കേന്ദ്രങ്ങളിൽനിന്നും പോലീസ് സംരക്ഷണയിൽ കെ.എസ്.ആർ.ടി.സി ബസുകളിലാണ് തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിലെത്തിക്കുന്നത്. ഇതിനു പുറമെ എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ ഇവിടെനിന്ന് തൊഴിലാളികളെ എത്തിച്ച് നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്.

ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അനിൽ ഉമ്മൻ, ആർ.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടർമാരായ ജെസി ജോൺ, ജിയോ ടി. മനോജ്, തഹസിൽദാർമാർ എന്നിവർ ഇന്നലെ തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.