ഹോട്ടൽ മേഖലയിൽ പ്രതിസന്ധി രൂക്ഷം: അനാവശ്യ റെയ്ഡുകൾ ഒഴിവാക്കണം; ജി.എസ്.ടി അടയ്ക്കാൻ സാവകാശം അനുവദിക്കണം: ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി, സെക്രട്ടറി എൻ.പ്രതീഷ് എന്നിവർ പറഞ്ഞു.
മറ്റൊരിക്കലുമില്ലാതെ അതിശക്തമായ പ്രതിസന്ധിയാണ് ഹോട്ടൽ മേഖല ഇന്ന് നേരിടുന്നത്. കൊറോണ ഭീതിയും, പക്ഷിപ്പനിയുമാണ് ഹോട്ടൽ മേഖലയെ തകർത്തു കളഞ്ഞിരിക്കുന്നത്. ഭക്ഷണശാലകളിൽ ആളുകൾ കയറാത്ത അവസ്ഥയാണ്. കച്ചവടം മൂന്നിലൊന്നായി കുറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാനാവാത്ത സ്ഥിതിയാണെന്നും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. ഇതിനിടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തുന്ന അനാവശ്യ റെയിഡുകൾ.
ഇത്തരത്തിൽ അനാവശ്യ റെയ്ഡുകൾ നടത്തി ഭക്ഷണം പിടിച്ചെടുക്കുന്നതോടെ ചിലവുകാശ് പോലും നഷ്ടമാകുന്ന അവസ്ഥയാണ്. ഇതിനിടെയാണ് ജി.എസ്.ടി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി എത്തിയിരിക്കുന്നത്. ഈ തീയതിയ്ക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ വ്യാപാരികൾ പിഴ അടയ്‌ക്കേണ്ടി വരും.
ഈ സാഹചര്യത്തിൽ പിഴ തുക ഒഴിവാക്കാനും, ജി.എസ്.ടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകാനും നടപടി സ്വീകരിക്കണമെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.