സന്തോഷിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്‌കൂള്‍ കുട്ടികളും മാത്രം;ഹര്‍ത്താലുമായി സഹകരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ജോലിക്ക് പോകാമോ?  ജനജീവിതവും സാമ്പത്തിക സ്ഥിതിയും തകര്‍ത്ത് തന്നെ വേണോ ആധുനിക കാലത്തെ പ്രതിഷേധങ്ങള്‍? എന്തിനും ഏത് സമയത്തും ആര്‍ക്കും പ്രഖ്യാപിക്കാമോ ഹര്‍ത്താല്‍? കോടതി പറഞ്ഞത് അറിയാം…

സന്തോഷിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്‌കൂള്‍ കുട്ടികളും മാത്രം;ഹര്‍ത്താലുമായി സഹകരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ജോലിക്ക് പോകാമോ? ജനജീവിതവും സാമ്പത്തിക സ്ഥിതിയും തകര്‍ത്ത് തന്നെ വേണോ ആധുനിക കാലത്തെ പ്രതിഷേധങ്ങള്‍? എന്തിനും ഏത് സമയത്തും ആര്‍ക്കും പ്രഖ്യാപിക്കാമോ ഹര്‍ത്താല്‍? കോടതി പറഞ്ഞത് അറിയാം…

സ്വന്തം ലേഖകന്‍

കോട്ടയം: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ ഇന്ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തതാകട്ടെ ഇന്നലെ. ഇങ്ങനെ എന്തിനും ഏത് സമയത്തും ആര്‍ക്കും പ്രഖ്യാപിക്കാമാ ഹര്‍ത്താല്‍? ഇല്ല എന്നാണ് ഉത്തരം. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന വ്യക്തികളും പാര്‍ട്ടികളും ഏഴുദിവസം മുന്‍പ് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് നല്‍കണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്.

2019 ജനുവരി ഏഴിനാണ് ഹൈക്കോടതി മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് പൂട്ടിട്ടത്. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജന ജീവിതത്തെ ബാധിക്കുന്ന സമരവും ഹര്‍ത്താലുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ കേരള ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, തൃശൂരിലെ മലയാളവേദി എന്നിവര്‍ നല്‍കിയ ഹര്‍ജികളിലായിരുന്നു കോടതി ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് 2019 ജനുവരി മൂന്നിന് സംസ്ഥാന വ്യാപകമായി ബന്ദിന് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് കേരളാ ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. മിന്നല്‍ ഹര്‍ത്താലുകള്‍ ജനജീവിതവും സാമ്പത്തിക സ്ഥിതിയും തകര്‍ക്കുകയാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഈ സാഹചര്യത്തില്‍ മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കോടതി കയറിയിറങ്ങേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പ്രതിഷേധിക്കാനുള്ള സമരക്കാരുടെ മൗലികാവകാശത്തേക്കാള്‍ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തിനാണ് മുന്‍തൂക്കമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഏഴുദിവസം മുമ്പ് നോട്ടീസ് നല്‍കിയാല്‍ പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും കൂടുതല്‍ സമയം ലഭിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഓഫീസില്‍ എത്തിയില്ലെങ്കിലും കൃത്യമായി ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്‌കൂളില്‍ പോകാന്‍ വാശി പിടിച്ച് കരയുന്ന ചെറിയ സ്‌കൂള്‍ കുട്ടികള്‍ക്കുമൊഴികെ ആര്‍ക്കും അത്ര സുഖമുള്ള പരിപാടിയല്ല ഹര്‍ത്താല്‍. നിത്യച്ചിലവിന് കൂലിപ്പണിയെടുക്കുന്ന സാധാരണ ജനങ്ങളെയാണ് ഓരോ ഹര്‍ത്താലും ഏറ്റവും മോശമായി ബാധിക്കുന്നത്. കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും ഹര്‍ത്താലും പണിമുടക്കും ഇത്ര ആഘോഷിക്കപ്പെടാറില്ല. ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ കേരളത്തിലെ നിരത്തുകള്‍ വിജനമാകുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് അതൊരു സാധാരണ പ്രവൃത്തിദിവസമായി കടന്ന് പോകാറാണ് പതിവ്.

ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ഏഴ് ദിവസം മുമ്പ് പബ്ലിക് നോട്ടീസ് നല്‍കണമെന്ന് പറയുന്നത് എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാന്‍ വേണ്ടിയാണ്. ജനതാത്പര്യം സംരക്ഷിക്കുന്നതിനായി മുന്‍കൂര്‍ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും സമയം ലഭിക്കും. ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള ഹര്‍ത്താലുകള്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജി 2021 സെപ്റ്റംബര്‍ 24ന് ഹൈക്കോടതി തള്ളിയിരുന്നു. രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച കോടതി, ഹര്‍ത്താലുമായി സഹകരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ജോലിക്ക് പോകണമെങ്കില്‍ മതിയായ സംരക്ഷണം നല്‍കണമെന്ന് വ്യക്തമാക്കി. ഹര്‍ത്താലിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും കോടതി ചൂണ്ടിക്കാട്ടി. 1997 ല്‍ ബന്ദ് ഭരണഘടനാ വിരുദ്ധമായി ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.