Spread the love

പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് കൈമാറിയ മൃതദേഹം മക്കളിൽ ചിലർ ആവശ്യപ്പെട്ടതിന്റെ പേരിൽ തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തുന്നതിനായി അമ്മയുടെ മൃതദേഹം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചി സ്വദേശിനിയായ പരേതയുടെ ഏഴ് മക്കളിൽ മൂന്ന് പേരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. പഠനാവശ്യത്തിനായി അമ്മയുടെ മൃതദേഹം കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിന് കൈമാറിയതിനെതിരെയായിരുന്നു ഹർജി.

video
play-sharp-fill

സംസ്ഥാന പൊലീസ് മേധാവിക്കും ഞാറയ്ക്കൽ പൊലീസിനും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാർ അറിയിച്ചു. അതേസമയം, മരണ ശേഷം ശരീരം പഠനാവശ്യത്തിനായി വിട്ടുനൽകാൻ അമ്മ നേരത്തേ തന്നെ സമ്മത പത്രം നൽകിയിരുന്നുവെന്ന് മറ്റ് സഹോദരങ്ങൾ കോടതിയെ അറിയിച്ചു. സമ്മത പത്രം കോടതി പരിശോധിക്കുകയും ചെയ്തു. മരണ ശേഷം ശരീരം പഠനാവശ്യത്തിന് നൽകണമെന്ന വ്യക്തിയുടെ താത്പര്യം മറികടക്കാൻ ഇത്തരം അവകാശവാദങ്ങൾക്കാവില്ലെന്ന് കോടതി നിരീക്ഷിച്ചു. സമ്മതപത്രം പിൻവലിച്ചിരുന്നെന്ന ഹർജിക്കാരുടെ വാദത്തിന് തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി.