
കൊല്ലം: ആര്യങ്കാവിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷബാധയെ തുടർന്ന് മരിച്ചു. കരയാളർമെത്ത് ഗിരിജൻ നഗറിൽ താമസിക്കുന്ന കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് ഇവർക്ക് പുലിയുടെ ആക്രമണമേറ്റത്. രാത്രി വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
വളർത്തുനായയെ പിന്തുടർന്നെത്തിയ പുലി, നായയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുഞ്ഞമ്മയ്ക്ക് നഖം കൊണ്ട് നിസാരപരിക്ക് ഉണ്ടായത്. ആക്രമണത്തിന് ശേഷം ചികിത്സ തേടുകയോ പേവിഷ പ്രതിരോധ വാക്സിൻ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
ഈ മാസം രണ്ടിന് പനിയും വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞമ്മ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് തെന്മല പോലീസ് ഓട്ടോറിക്ഷ തടഞ്ഞ് ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പേവിഷബാധയാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







