Spread the love

കാഞ്ഞിരപ്പള്ളി: എൻഡിഎ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ ജോർജ് കുര്യനു വേണ്ടി ബിജെപി തയ്യാറാക്കിയ പ്രചാരണ ബസ് തിരഞ്ഞെടുപ്പ് രംഗത്ത് ഉപയോഗിക്കാതിരുന്നതിനെ ചുറ്റിപ്പറ്റി വിവാദം ശക്തമാകുന്നു. ജില്ലാ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസിനെ അത്യാധുനിക രീതിയിൽ പ്രചാരണ രഥമാക്കി മാറ്റിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലുമെല്ലാം ബസിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരുന്നു.

video
play-sharp-fill

വ്യത്യസ്തമായ പ്രചാരണ മാതൃകയായി ശ്രദ്ധ നേടിയ വാഹനത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് മാറ്റിനിർത്തിയതെന്തെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ചില നേതാക്കളുടെ പിടിവാശിയാണ് വാഹനം നിരത്തിലിറങ്ങാതിരിക്കാൻ കാരണമായതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള ആരോപണം. ഈ വാഹനം പ്രചാരണ രംഗത്ത് സജീവമായിരുന്നെങ്കിൽ ബിജെപിക്ക് അനുകൂലമായ വലിയൊരു അന്തരീക്ഷം സൃഷ്ടിക്കാനായേനെ എന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

2016 ന് ശേഷമുള്ള ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് 30,000ത്തിലധികം വോട്ടുകൾ ലഭിച്ചിരുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. എന്നാൽ ഇത്തവണ മികച്ച സ്ഥാനാർഥിയെന്ന വിലയിരുത്തലോടെ മത്സരിച്ച ജോർജ് കുര്യന് 26,000ത്തിലധികം വോട്ടുകൾ മാത്രമാണ് നേടാനായത്. പ്രചാരണ ബസ് ഉപയോഗിക്കാതിരുന്നതും വോട്ട് ചോർച്ചയും തമ്മിൽ ബന്ധപ്പെടുത്തി പാർട്ടിക്കുള്ളിൽ തന്നെ ചർച്ചകളും വിവാദങ്ങളും ശക്തമാകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group