
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പിബിയിലും കടുത്ത ഭിന്നത ഉണ്ടായിരുന്നുവെന്ന് സ്ഥിരീകിരച്ച് ഒരു വിഭാഗം പിബി അംഗങ്ങൾ. പിണറായിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നതിനെ അടിയന്തര പോളിറ്റ് ബ്യൂറോ യോഗത്തിൽ അഞ്ചിലധികം അംഗങ്ങൾ എതിർത്തു. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കാമെന്ന് പിബി തീരുമാനിക്കുകയായിരുന്നു. പത്ത് കൊല്ലത്തിൽ ആദ്യമായിട്ടാണ് പിണറായിക്കെതിരെ ഇത്ര എതിർപ്പ് പിബിയിൽ ഉയരുന്നത്. പിണറായിയെ വീണ്ടും സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സംഘടനാപരമായി ശരിയല്ലെന്നായിരുന്നു ഉയര്‍ന്ന വിമർശനം.
സംസ്ഥാന സെക്രട്ടിയേറ്റിൻ്റെ നിർദ്ദേശം ഓൺലൈൻ പിബി യോഗം ചർച്ച ചെയ്തു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കുന്നത് സംഘടനാപരമായി ശരിയല്ലെന്ന് ഒരു വിഭാഗം അഭിപ്രായം രേഖപ്പെടുത്തി. ഇളവ് നല്‍കിയാണ് പിബിയിൽ പിണറായിയെ നിലനിർത്തിയതെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. പിബിയിൽ ഒരു വിഭാഗത്തിന് കെഎൻ ബാലഗോപാലിനോടായിരുന്നു താല്പര്യം. സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാടിനൊപ്പം നില്‍ക്കാമെന്ന് ഒടുവിൽ പിബി തീരുമാനിച്ചു.






