play-sharp-fill
ഒട്ടേറെ കുടുംബങ്ങളെ കണ്ണീരിലാക്കുന്ന ഒറ്റ നമ്പർ ചൂതാട്ടത്തിനു പിന്തുണ നൽകുന്നത്  പ്രാദേശിക രാഷ്ട്രീയ നേതാക്കൾ; വാട്സാപ്പും ഗൂഗിൾപേയും ഉപയോഗിച്ചുള്ള ചൂതാട്ടത്തിൽ സർക്കാരിന് നഷ്ടം കോടികൾ; ചൂതാട്ടക്കാരെ പിടികൂടാൻ നടപടികൾ കടുപ്പിച്ച് പൊലീസ്

ഒട്ടേറെ കുടുംബങ്ങളെ കണ്ണീരിലാക്കുന്ന ഒറ്റ നമ്പർ ചൂതാട്ടത്തിനു പിന്തുണ നൽകുന്നത് പ്രാദേശിക രാഷ്ട്രീയ നേതാക്കൾ; വാട്സാപ്പും ഗൂഗിൾപേയും ഉപയോഗിച്ചുള്ള ചൂതാട്ടത്തിൽ സർക്കാരിന് നഷ്ടം കോടികൾ; ചൂതാട്ടക്കാരെ പിടികൂടാൻ നടപടികൾ കടുപ്പിച്ച് പൊലീസ്

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ:പടന്ന, ചെറുവത്തൂർ, തൃക്കരിപ്പൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജില്ലയുടെ തെക്കൻ അതിരിൽ ഒറ്റനമ്പർ ചൂതാട്ടം വ്യാപകം. ചൂതാട്ടക്കാരെ പിടിയിലാക്കാൻ നടപടികൾ കടുപ്പിച്ചെന്നു പൊലീസ്.

വാട്സാപ്പും ഗൂഗിൾപേയും ഉപയോഗിച്ചാണു ചൂതാട്ടം നടത്തുന്നത്. ദിനംപ്രതി ലക്ഷക്കണക്കിനു രൂപയുടെ ഇടപാടാണു നടത്തുന്നതെന്നു പൊലീസ് അറിയിച്ചു. സമാന്തര ലോട്ടറി ചൂതാട്ടത്തിൽ സർക്കാരിനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കുന്നവർക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലും നടപടി ശക്തമാക്കിയതായി സിഐ പി.നാരായണൻ, എസ്ഐ എം.വി.ശ്രീദാസ് എന്നിവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പടന്ന പഞ്ചായത്തിലെ മുതിരക്കൊവ്വലിൽ നിന്നു ചന്തേര പൊലീസ് പിടികൂടിയ 2 യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരിൽ നിന്നു പണവും ഓട്ടോറിക്ഷയും ചൂതാട്ടത്തിനു ഉപയോഗിച്ച 2 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു.

അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണു ലഭ്യമായതെന്നു പൊലീസ് പറഞ്ഞു. പ്രതികളുടെ മൊബൈൽ ഫോണുകൾ വിശദമായി പരിശോധനയ്ക്കു വിധേയമാക്കുകയും ചൂതാട്ടത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കെതിരെയും നടപടി എടുക്കുകയും ചെയ്യും. ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെട്ട ഒട്ടേറെ പേരെക്കുറിച്ച് ഇതിനകം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

മിക്കതും യുവാക്കളാണ്. ഇവരെ പൊലീസ് നിരീക്ഷിച്ചു വരുന്നുണ്ട്. അമിതലാഭം പ്രതീക്ഷിച്ച് അനേകം പേർ ഈ ചൂതാട്ടത്തിൽ ഏർപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ മിന്നൽ പരിശോധനയിൽ എസ്ഐക്കൊപ്പം എഎസ്ഐമാരായ എ.യു.ദിവാകരൻ, ടി.തമ്പാൻ, സിവിൽ പൊലീസ് ഓഫിസർമാരായ സജീവൻ കളത്തിൽ, സജിത, കെ.രതീഷ്, ഷൈജു, ധനേഷ് എന്നിവരുമുണ്ടായിരുന്നു.

ഒട്ടേറെ കുടുംബങ്ങളെ കണ്ണീരിലാക്കുന്ന ഒറ്റ നമ്പർ ചൂതാട്ടത്തിനു പിന്തുണ നൽകുന്നത് ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളാണെന്ന പരാതി ശക്തമാവുകയും ശരിയാണെന്നു പൊലീസിനു ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ അറസ്റ്റിലായവരുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാർക്കെതിരെയും നടപടി ഉണ്ടാകണമെന്ന ആവശ്യമുയർന്നു. ഇത്തരം ചൂതാട്ടങ്ങളെ പ്രോൽസാഹിപ്പിക്കുന്ന പ്രാദേശിക നേതാക്കളെ നിയന്ത്രിക്കാൻ നേതൃത്വം തയാറാകണമെന്നും ആവശ്യമുണ്ട്.