പിടിച്ചാൽ കിട്ടാതെ രാജ്യത്ത് കൊവിഡ്: കൊവിഡ് രോഗികളുടെ കണക്ക് 62 ലക്ഷം; ആശങ്കയിൽ രാജ്യം

പിടിച്ചാൽ കിട്ടാതെ രാജ്യത്ത് കൊവിഡ്: കൊവിഡ് രോഗികളുടെ കണക്ക് 62 ലക്ഷം; ആശങ്കയിൽ രാജ്യം

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കണക്കുകൾ അതിവേഗം കുതിയ്ക്കുന്നു. ഒരു ദിവസം റെക്കോർഡ് രോഗികളാണ് രാജ്യത്തുണ്ടാകുന്നത്. രോഗം അതിവേഗം കുതിയ്ക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ അടക്കം രാജ്യം ഏറെ പിന്നിലാണ് എന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 62,25,760 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 97,497 ആയി ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

86428 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ പറയുന്നു. നിലവിൽ 9,04,441 പേരാണ് കൊവിഡ് ചികിത്സയിൽ തുടരുന്നത്. 83.33 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.

ഇതിനിടെ, രാജ്യത്തെ പല സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ കൂടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. പല സംസ്ഥാനങ്ങളിലും കേസുകൾ കുറയുന്ന പ്രവണതയാണെങ്കിൽ കേരളത്തിൽ കേസുകൾ കൂടുകയാണെന്ന് ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞതായി ദേശീയ മാധ്യമമായ ദ ഹിന്ദുവാണ് റിപ്പോർട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ താരതമ്യം ചെയ്തതാണ് ആരോഗ്യ സെക്രട്ടറിയുടെ വാക്കുകളെന്നത് ശ്രദ്ധേയമാണ്. നിലവിൽ സംസ്ഥാനത്ത് ഏഴായിരത്തിലധികം പ്രതിദിന കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യ സെക്രട്ടറിയുടെ വാക്കുകളെന്നത് ശ്രദ്ധേയമാണ്.

സെപ്റ്റംബർ 9-15 ആഴ്ചയിൽ മഹാരാഷ്ട്രയിലെ പ്രതിദിന ശരാശരി കേസുകൾ 21,961 ആയിരുന്നെങ്കിൽ സെപ്റ്റംബർ 23-29 കാലയളവിൽ അത് 18,110 ആയി കുറഞ്ഞെന്നാണ് മറ്റൊരു റിപ്പോർട്ട്. അതേസമയം ഓഗസ്റ്റ് 26- സെപ്റ്റംബർ 1 കാലയളവിൽ ശരാശരി പ്രതിദിനം 14,163 കൊവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായതെന്ന് രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടിയതായി ദ ഹിന്ദു റിപ്പോർട്ടിലുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി മഹാരാഷ്ട്രയിൽ പ്രതിദിന കേസുകളിൽ വൻ കുറവ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് 14,976 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 430 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആന്ധ്ര, കർണാടക, യുപി എന്നിവിടങ്ങളിലും പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നതായാണ് ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കർണാടകയിൽ ഓഗസ്റ്റ് 26- സെപ്റ്റംബർ 1 കാലയളവിൽ പ്രതിദിനം 8,384 ആയിരുന്നെങ്കിൽ സെപ്റ്റംബർ 23- 29 കാലയളവിൽ അത് 7,940 ആയാണ് കുറഞ്ഞത്. ആന്ധാപ്രദേശിൽ ഇത് 10,437ൽ നിന്ന് 7,058 ആയും കുറഞ്ഞിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

യുപിയിൽ ഓഗസ്റ്റ് 26- സെപ്റ്റംബർ 1 കാലയളവിലെ ശരാശരി പ്രതിദിന കേസുകൾ 5433 ആയിരുന്നെങ്കിൽ സെപ്റ്റംബർ 23- 29 കാലയളവിൽ ഇത് 4568 ആയിരിക്കുകയാണ്. തമിഴ്നാട്ടിലേത് 6908 ൽ നിന്ന് 5580 ആയും കുറഞ്ഞിട്ടുണ്ട്. കൊവിഡ് അതിഗുരുതരമായിരുന്ന സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകളിൽ കുറവ് അനുഭവപ്പെടുമ്പോഴാണ് കേരളത്തിൽ കേസുകളിൽ വർധനവ് അനുഭവപ്പെടുന്നതെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബർ 9 15 ആഴ്ചയിൽ ശരാശരി 3047 കേസുകളാണു കേരളത്തിൽ പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്നത്.

ഇത് സെപ്റ്റംബർ 2329 ആഴ്ചയിൽ 5898 ആയാണ് ഉയർന്നിരിക്കുന്നത്. അതേസമയം കേരളത്തിലെ വർധനയ്ക്കു ചില പ്രത്യേക കാരണങ്ങളുണ്ടെന്നും സംസ്ഥാനവുമായി ആശയവിനിമയം നടത്തിവരികയാണെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറയുന്നു.