കട്ടപ്പന ഇരട്ടക്കൊലപാതകം: കുറ്റസമ്മതം നടത്തി നിതീഷ്; പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും: വീടിന്റെ തറ പൊളിച്ച് പരിശോധിക്കാനും നീക്കം; ഇന്ന് നിര്‍ണായക നീക്കങ്ങള്‍……
ഇടുക്കി: കട്ടപ്പനയില്‍ വിജയന്‍ എന്നയാളെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
കേസിലെ മുഖ്യപ്രതിയായ നിതീഷുമായി കക്കാട്ടുകടയിലെ വീട്ടിലെത്തിച്ചാണ് പരിശോധന നടത്തുക. സുഹൃത്തായ വിഷ്ണുവിന്റെ പിതാവ് വിജയനെ 2023ല്‍ കൊലപ്പെടുത്തി ഇവിടെ കുഴിച്ച് മൂടിയെന്നാണ് നിതീഷ് മൊഴി നല്‍കിയത്.
വീടിന്റെ തറ പൊളിച്ച് പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധരും ആര്‍ഡിഒയും സ്ഥലത്തെത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2016ല്‍ കട്ടപ്പനയിലെ വീട്ടില്‍ വച്ച് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതകമാണോ ഇതെന്നും പരിശോധിക്കും.
വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്തും പരിശോധന നടത്തിയേക്കും.
അതേസമയം, വിജയനെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് താനാണെന്ന് നിതീഷിന്റെ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കട്ടപ്പനയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന നിതീഷിനെ ഇന്നലെ ഉച്ചക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.
തുടര്‍ന്ന് ഇടുക്കി എസ്പി ടി കെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇതിലാണ് മോഷണക്കേസില്‍ ഒപ്പം പിടിയിലായ വിഷ്ണുവിന്റെ പിതാവായ വിജയനെയും വിഷ്ണുവിന്റെ സഹോദരിയും താനുമായുള്ള ബന്ധത്തില്‍ ജനിച്ച നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിച്ചത്. വിജയനെ കക്കാട്ടുകടയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിനുള്ളില്‍ കുഴിച്ചിട്ടതായാണ് നിതീഷ് പറഞ്ഞത്.