കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: 50 ലക്ഷം രൂപ വായ്പ അനുവദിച്ച 100 പേർ അജ്ഞാതർ; പ്രതികൾ വ്യാജ അപേക്ഷയും മേൽവിലാസവും ചമച്ച് പണം തട്ടി; ലക്ഷം കുമളിയിൽ 18 കോടിയുടെ അത്യാഡംബര റിസോർട്ട്; വില്ലനായത് കോവിഡ്
സ്വന്തം ലേഖകൻ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പിൽ കോടികൾ മുക്കിയ പ്രതികളിൽ ഒരാൾ പണം കുമളിയിൽ റിസോർട്ട് നിർമ്മാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തൽ. കുമളി പഞ്ചായത്തിലെ പത്തുമുറി വാർഡിൽ ഉൾപ്പെട്ട സ്ഥലത്താണ് റിസോർട്ട്. എന്നാൽ റിസോർട്ട് നിർമ്മാണം രണ്ടു വർഷമായി നിലച്ചിരിക്കുകയാണ്.
കേസിലെ പ്രതികൾ ചേർന്ന് മുൻപ് ഒരു കമ്പനി രൂപീകരിച്ചിരുന്നു. അതിൽ തേക്കടി റിസോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ഉണ്ടായിരുന്നു. അത്യാഡംബര റിസോർട്ട് നിർമ്മാണമായിരുന്നു ഈ കമ്പനിയുടെ ലക്ഷ്യം. കേസിലെ പ്രതി എ.കെ.ബിജോയിയും രണ്ടു സുഹൃത്തുക്കളും ചേർന്നാണ് റിസോർട്ട് നിർമ്മിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
18 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും മൂന്നരക്കോടിയുടെ നിർമ്മാണം മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ. നിർമ്മാണം നടത്തിയ കരാറുകാരന് 18 ലക്ഷം രൂപ ഇനിയും ലഭിക്കാനുണ്ട്.
തേക്കടി റിസോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 2014 ലാണ് ബിജോയി കെട്ടിട നിർമ്മാണ അനുമതിക്കായി കുമളി പഞ്ചായത്തിൽ അപേക്ഷ നൽകിയത്. 3 പേരിൽ നിന്നായി വാങ്ങിയ സ്ഥലത്തിൽ ബിജോയിയുടെ പേരിലുള്ള 2.5 ഏക്കർ സ്ഥലത്തെ നിർമ്മാണത്തിനാണ് ആദ്യം അനുമതി വാങ്ങിയത്.
2017ൽ കൂടുതൽ നിർമ്മാണത്തിനുള്ള അനുമതി പഞ്ചായത്തിൽ നിന്നു നേടി. നിർമ്മാണം തുടങ്ങിയെങ്കിലും ഫണ്ട് വരാതായതോടെ രണ്ടു വർഷം മുൻപ് റിസോർട്ട് നിർമ്മാണം നിലച്ചു. കോവിഡുകാല പ്രതിസന്ധി സ്ഥിതി ഗതികൾ വഷളാക്കി.
അതേസമയം, 300 കോടിയുടെ വായ്പാത്തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ വീതം വായ്പ അനുവദിച്ച 100 പേർ അജ്ഞാതർ. വായ്പ പാസാക്കിയെന്ന വിവരമറിയിച്ച് ഇവർക്കു ബാങ്ക് അയച്ച കത്ത് മടങ്ങിയെത്തി.
പേരും വിലാസവും തെറ്റാണെന്നതായിരുന്നു കാരണം. ഇതോടെ, ഇവർക്കായി അനുവദിച്ച 50 കോടി രൂപ വെള്ളത്തിലായി. ക്രമക്കേടിൽ പ്രതിചേർക്കപ്പെട്ട ജീവനക്കാർ വ്യാജ അപേക്ഷയും മേൽവിലാസവും ചമച്ച് പണം തട്ടിയെന്നാണ് ഓഡിറ്റർമാരുടെ നിഗമനം.
ഈ പണമെല്ലാം കുമുളിയിലേക്കും മറ്റും മാറ്റിയെന്നാണ് സൂചന. ബിജോയിയുടെ പേരിൽ ഓഡിറ്റിൽ കണ്ടത് 35.65 കോടി രൂപയുടെ ബാധ്യതയാണ്. ബിജോയ് വഴി അനുവദിച്ച 59 വായ്പകളിലൂടെ ബാങ്കിനു ലഭിക്കേണ്ട തുകയാണിത്.
ഇതിൽ പലതും ബിജോയ് തന്നെ വ്യാജ പേരും മേൽവിലാസവും ചമച്ചെടുത്തു പാസാക്കിയ വായ്പകളാണെന്നു സൂചനയുണ്ട്. ബാങ്കിൽ ജോലി കിട്ടിയ ശേഷം ബിജോയി വലിയ തോതിൽ സാമ്പത്തികമായി വളർന്നു.
ബെനാമി പേരുകളിൽ അപേക്ഷ ചമച്ച് ജീവനക്കാർ വ്യാപകമായി പണം തട്ടിയെന്ന് സഹകരണ ഇൻസ്‌പെക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു രേഖകളിൽ സമഗ്ര പരിശോധന നടത്തിയപ്പോഴാണ് നൂറോളം വായ്പ സ്ഥിരീകരണ കത്തുകൾ മടങ്ങിയെത്തിയ വിവരം ശ്രദ്ധയിൽപ്പെട്ടത്.
ബാങ്ക് രേഖകളിൽ കാണുന്ന മേൽവിലാസത്തിൽ കത്തയച്ചപ്പോൾ ഇങ്ങനെയൊരാളെ കണ്ടെത്താനായിട്ടില്ലെന്നായിരുന്നു തപാൽ വകുപ്പിന്റെ മറുപടി. തുടർ പരിശോധനയിൽ ബാങ്ക് ഭരണസമിതി അംഗങ്ങളിലൊരാളാണ് ബെനാമി ഇടപെടൽ സംബന്ധിച്ച സൂചന നൽകിയത്.