ആർപ്പൂക്കരയിലെ റോഡരികിൽ തള്ളിയത് കളത്തിപ്പടി കരിപ്പാൽ ആശുപത്രിയിൽ എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ; രണ്ട് ആംബുലൻസ് ഡ്രൈവർമാർ അറസ്റ്റിൽ; മനുഷ്യന്റെ അവശിഷ്ടങ്ങൾ പോലും റോഡിൽ തള്ളി സ്വകാര്യ ആശുപത്രി അധികൃതരുടെ ക്രൂരത
സ്വന്തം ലേഖകൻ
കോട്ടയം: ആർപ്പൂക്കര മണിയാപറമ്പ് സൂര്യക്കവലയിലെ റോഡരികിൽ തള്ളിയ മനുഷ്യന്റെ ആന്തരികാവയവങ്ങളുടെ അവശിഷ്ടങ്ങൾ എത്തിയത് കളത്തിപ്പടി കരിപ്പാൽ ആശുപത്രിയിൽ നിന്നും. ഇവിടെ എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ രണ്ട് ആംബുലൻസ് ഡ്രൈവർമാരുടെ പക്കൽ നൽകിയയച്ചത്. രണ്ടായിരം രൂപ നൽകി ഗുരുതരമായ രോഗങ്ങൾ പോലും പകരാൻ സാധ്യതയുള്ള മാംസാവശിഷ്ടങ്ങളാണ് രണ്ട് ആംബുലൻസ് ഡ്രൈവർമാരുടെ പക്കൽ നൽകി ആശുപത്രി അധികൃതർ അയച്ചത്. സംഭവത്തിൽ പൊലീസ് പിടികൂടിയ രണ്ട് ആംബുലൻസ് ഡ്രൈവർമാർക്കെതിരെയും ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തു.
അമയന്നൂർ താഴത്ത് ഹൗസിൽ സുനിൽകുമാർ (34), പെരുമ്പായിക്കാട് ചിലമ്പട്ടുശേരിയിൽ ക്രിസ്മോൻ ജോസഫ് (38) എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ആർപ്പൂക്കര മണിയാപറമ്പ് സൂര്യാക്കവലയിൽ ബക്കറ്റിനുള്ളിൽ കെട്ടിയ നിലയിൽ മനുഷ്യന്റെ ആന്തരിക അവയവങ്ങൾ തള്ളിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇത് മനുഷ്യന്റെ ആന്തരിക അവയവങ്ങളാണെന്ന് കണ്ടെത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതു സംബന്ധിച്ചു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ വന്ന വഴി വ്യക്തമായത്. അസുഖബാധിതയായി മരിച്ച പാലാ സ്വദേശിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കളത്തിപ്പടിയിലെ കരിപ്പാൽ ആശുപത്രിയിൽ എംബാം ചെയ്തിരുന്നു. എന്നാൽ, ഇവിടെ നിന്നും മൃതദേഹം കൊണ്ടു പോയ ശേഷം ബാക്കിയായ മാലിന്യങ്ങൾ രണ്ട് ആംബുലൻസ് ഡ്രൈവർമാരുടെ പക്കൽ നൽകി അയക്കുകയായിരുന്നു. ബക്കറ്റിനുള്ളിലാക്കി അടച്ച് ഭദ്രമായി ഈ മാലിന്യങ്ങൾ ആശുപത്രി അധികൃതർ ഡ്രൈവർമാരെ ഏൽപ്പിച്ചു. രണ്ടായിരം രൂപ കൂലിയും നൽകി. എന്നാൽ, പോകുന്ന വഴിയിൽ നന്നായി മദ്യപിച്ച ഡ്രൈവർമാർ ആർപ്പൂക്കര ഭാഗത്ത് എത്തിയപ്പോൾ അവശിഷ്ടങ്ങൾ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞു.
പാടശേഖരത്തിലേയ്ക്കാണ് ഈ മാലിന്യങ്ങൾ വലിച്ചെറിഞ്ഞത്. വെള്ളമുണ്ടെന്നും ഇത് ഒഴുകിപോകുമെന്നുമാണ് ഇവർ ധരിച്ചിരുന്നത്. എന്നാൽ, പാടത്തിൽ വെള്ളമില്ലാത്ത ഭാഗത്ത് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ വന്നു വീഴുകയായിരുന്നു. തുടർന്ന് ഞായറാഴ്ച ഉച്ചയോടെ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ ആന്തരിക അവശിഷ്ടങ്ങളാണ് ബക്കറ്റിനുള്ളിലെന്ന് വ്യക്തമായത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം ഡോക്ടർമാർ പരിശോധന നടത്തി ഇത് സ്ഥിരീകരിച്ചു. മുൻപും ഇവർ ഇത്തരത്തിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തള്ളിയിട്ടുണ്ടെന്ന് കണ്ടെത്തി. മനപൂർവം ജലം മലിനമാക്കണമെന്ന ഉദ്ദേശത്തോടെ മാലിന്യം തള്ളിയതിന് ഇരുവർക്കുമെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
Related
Third Eye News Live
0