play-sharp-fill
കണ്ണിമലയില്‍ ആടിനെ കൊന്നുതിന്നത് പുലി തന്നെ; കുടുങ്ങിയത് ആട്ടിന്‍ കൂട്ടിലെ ക്യാമറയിൽ; ഭീതിയോടെ മലയോരനാട്…..!

കണ്ണിമലയില്‍ ആടിനെ കൊന്നുതിന്നത് പുലി തന്നെ; കുടുങ്ങിയത് ആട്ടിന്‍ കൂട്ടിലെ ക്യാമറയിൽ; ഭീതിയോടെ മലയോരനാട്…..!

സ്വന്തം ലേഖിക

മുണ്ടക്കയം: കണ്ണിമലയില്‍ ആടിനെ തിന്നത് പുലി തന്നെ. ആട്ടിന്‍ കൂട്ടിലെ ക്യാമറയിലാണ് പുലി ‘കുടുങ്ങി’യത്.

ഭീതിയോടെ മലയോരനാട്. മുണ്ടക്കയം പഞ്ചായത്തിലെ കണ്ണിമല വാര്‍ഡില്‍ കഴിഞ്ഞ ദിവസം കൂട്ടിലെ ആടിനെ കൊന്നുതിന്നത് പുലിയാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. കണ്ണിമലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയത് പുലിയെന്ന് തിരിച്ചറിഞ്ഞതോടെ പുറത്തിറങ്ങാന്‍ പോലും കഴിയാതെ ജനം ഭീതിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി പന്തിരുവേലില്‍ സെബിന്‍റെ വീടിനോട് ചേര്‍ന്ന് കൂട്ടില്‍ കെട്ടിയിരുന്ന ആടിനെയാണ് രാവിലെ ചത്തനിലയില്‍ കണ്ടത്.
പകുതി ഭക്ഷിച്ച ആടിനെ വനപാലകരെത്തി കാല്‍പാടുകളും മറ്റും പരിശോധിച്ചെങ്കിലും പുലിയാണെന്ന് സമ്മതിക്കാന്‍ അവര്‍ തയാറായില്ല.

പുലിയെ പിടികൂടാന്‍ അടിയന്തര നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് വരികയായിരുന്നു.
തുടര്‍ന്ന് വനംവകുപ്പ് കാമറ സ്ഥാപിച്ചു. ആടിനെ കൊന്നുതിന്ന കൂടിന് സമീപം ഉപേക്ഷിച്ച ശരീരഭാഗങ്ങള്‍ കൂടി വെച്ചിരുന്നു.

എന്നാല്‍, ചൊവ്വാഴ്ച പുലര്‍ച്ച വീണ്ടും ആടിനെ തേടി കൂട്ടിലെത്തുകയും തലേനാള്‍ ഉപേക്ഷിച്ച ആടിന്‍റെ ബാക്കി ശരീര ഭാഗങ്ങള്‍ കൂടി ഭക്ഷിക്കുകയും ചെയ്തു. ഇതാണ് വനംവകുപ്പിന്‍റെ കാമറയില്‍ പതിഞ്ഞത്. പുലിയുടെ നാല്‍പതോളം ചിത്രങ്ങളാണ് ലഭിച്ചത്.

ജനവാസ കേന്ദ്രങ്ങളോടുചേര്‍ന്നാണ് വനം വകുപ്പിന്‍റെ തേക്കിന്‍ കൂപ്പുള്ളത്. ഇവിടെ നിന്നാണ് പുലിയെത്തിയതെന്നാണ് നിഗമനം. ആട്ടിന്‍ കൂട്ടില്‍ സ്ഥാപിച്ച കാമറയില്‍ കുടുങ്ങിയത് പുലിയാെണന്ന് എരുമേലി ഫോറസ്റ്റ് റേഞ്ചര്‍ ബി.ആര്‍. ജയന്‍ മാധ്യമത്തോട് പറഞ്ഞു.