കാഞ്ഞിരപ്പള്ളിയിൽ ഡിവൈഡറുകൾ നീക്കം ചെയ്തു : അപകടം പതിവായി

കാഞ്ഞിരപ്പള്ളിയിൽ ഡിവൈഡറുകൾ നീക്കം ചെയ്തു : അപകടം പതിവായി

കാഞ്ഞിരപ്പള്ളി: ദേശീയ പാതയിൽ കുരിശിങ്കൽ ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ എടുത്തു മാറ്റിയതിനെ തുടർന്ന് അപകടങ്ങൾ കൂടുന്നു. ഇന്നലെ രണ്ട് അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.

ടൗണിലേക്കു പ്രവേശിച്ച കാറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ചാണ് അപകടമുണ്ടായത്. ഇതിനു തൊട്ടുപിന്നാലെ എതിർവശത്ത് പൊൻകുന്നം ഭാഗത്തേക്കു പോവുകയായിരുന്ന കാറിനു പിന്നിൽ മിനി പിക്കപ് വാൻ ഇടിച്ചും അപകടമുണ്ടായി.

കോട്ടയം, ചങ്ങനാശേരി, പൊൻകുന്നം തുടങ്ങി പടിഞ്ഞാറു ഭാഗത്തു നിന്നും ദേശീയപാത വഴി എത്തുന്ന വാഹനങ്ങൾ ഇറക്കം ഇറങ്ങിയാണ് കുരിശിങ്കൽ ജംക്‌ഷനിൽ ടൗണിലേക്കു പ്രവേശിക്കുന്നത്. ഇറക്കം തീരുന്ന ഭാഗത്തെ കൊടും വളവിലെ ഡിവൈഡറുകളാണ് എടുത്തു മാറ്റിയത്. ഒട്ടുമിക്ക വാഹനങ്ങളും ഇറക്കത്തിലൂടെ വേഗത്തിലാണ് എത്തുന്നത്.

മണിമല റോഡിലൂടെയും തമ്പലക്കാട് റോഡിലൂടെയും എത്തുന്ന വാഹനങ്ങളും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് ഈ ജംക്‌ഷനിലാണ്. കൂടാതെ ഗ്രാൻഡ് ഓപറ തിയറ്ററിന്റെ സമീപത്തു കൂടിയുള്ള പഞ്ചായത്ത് റോഡും ദേശീയ പാതയിൽ സംഗമിക്കുന്നത് ഇവിടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3 റോഡുകൾ സംഗമിക്കുന്ന ഏറെ തിരക്കുണ്ടാകുന്ന ഇവിടത്തെ ഡിവൈഡറുകൾ മാറ്റിയതോടെ വളവിൽ വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. ഡിവൈഡറില്ലാത്തതിനാൽ മണിമല റോഡ് വഴി എത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ദേശീയ പാതയിലേക്ക് പ്രവേശിക്കുമ്പോൾ ആശയക്കുഴപ്പത്തിനും ഇടയാക്കുന്നു.

ഇവിടെ ഇരുമ്പു പൈപ്പുകൾ കൊണ്ട് നിർമിച്ച എടുത്തു മാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക ഡിവൈഡറുകളാണ് സ്ഥാപിച്ചിരുന്നത്. മുൻപ് ഇതിൽ വാഹനങ്ങൾ തട്ടിയും അപകടങ്ങളുണ്ടായിട്ടുണ്ട്. താൽക്കാലിക ഡിവൈഡറുകൾക്കു പകരം മതിയായ സുരക്ഷാ ക്രമീകരണങ്ങളുള്ള അപകടരഹിത ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.