പ്രശസ്ത മലയാള നടി ഷീല ആരോമലുണ്ണിയിലൂടെയാണ് തമിഴ് നടൻ രവിചന്ദ്രനുമായി പ്രണയത്തിലാവുന്നതും പിന്നീട് അദ്ദേഹത്തിന്റെ ജീവിതസഖിയായി മാറിയതും:

പ്രശസ്ത മലയാള നടി ഷീല ആരോമലുണ്ണിയിലൂടെയാണ് തമിഴ് നടൻ രവിചന്ദ്രനുമായി പ്രണയത്തിലാവുന്നതും പിന്നീട് അദ്ദേഹത്തിന്റെ ജീവിതസഖിയായി മാറിയതും:

 

കോട്ടയം: അമ്പതു വർഷങ്ങൾക്കു മുമ്പ് റിലീസ് കേന്ദ്രങ്ങളിൽ ഒരു സിനിമ 25 ദിവസം പ്രദർശിപ്പിച്ചാൽ അതൊരു വൻവിജയമായിട്ടാണ് കണക്കാക്കിയിരുന്നത്.
ഈ സിനിമ ബി ക്ലാസ്സും സി ക്ലാസ്സും കഴിഞ്ഞ് ഗ്രാമപ്രദേശങ്ങളിൽ എത്തുമ്പോൾ ഒരാഴ്ചയാണ് സാധാരണ കളിക്കാറുള്ളത്.

എന്നാൽ കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിൽ പോലും മൂന്നാഴ്ചയും നാലാഴ്ചയും കളിച്ച് വമ്പൻ വിജയം കരസ്ഥമാക്കിയ ഒരു മലയാള ചലച്ചിത്രമായിരുന്നു ആരോമലുണ്ണി .
ഉണ്ണിയാർച്ച കഴിഞ്ഞാൽ ഉദയായുടെ വടക്കൻപാട്ട് ചിത്രങ്ങളിൽ ഏറ്റവും വലിയ കളക്ഷൻ നേടിയത് ആരോമലുണ്ണിയായിരുന്നുവത്രെ…!
ശാരംഗപാണിയുടെ തിരക്കഥയിൽ പൂർത്തിയായ ഈ ചിത്രത്തിൽ പ്രേംനസീർ ,വിജയശ്രീ , ഉമ്മർ , ഗോവിന്ദൻകുട്ടി, അടൂർ ഭാസി , ബഹദൂർ , തിക്കുറിശ്ശി ,
എസ് പി .പിള്ള ,രാഗിണി, കവിയൂർ പൊന്നമ്മ തുടങ്ങിയ മലയാളത്തിലെ തലയെടുപ്പുള്ള എല്ലാ താരങ്ങളും അണിനിരന്നിരുന്നു.

കൂടാതെ ഉണ്ണിയാർച്ചയിൽ ആരോമൽ ചേകവരായി അഭിനയിച്ച സത്യൻ
കച്ച മുറുക്കുന്ന മനോഹരമായ ചില രംഗങ്ങൾ കൂടെ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.
തമിഴ് നടനായ രവിചന്ദ്രനാണ് കണ്ണപ്പനുണ്ണിയായി വേഷമിട്ടത്. രവിചന്ദ്രന്റെ നായികയായി അഭിനയിച്ച പ്രശസ്ത മലയാള നടി ഷീല ആരോമലുണ്ണിയിലൂടെയാണ് രവിചന്ദ്രനുമായി പ്രണയത്തിലാവുന്നതും പിന്നീട് അദ്ദേഹത്തിന്റെ ജീവിതസഖിയായി മാറുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

, വയലാർ – ദേവരാജൻ ടീമായിരുന്നു സംഗീതവിഭാഗം കൈകാര്യം ചെയ്തത്.
എത്ര കേട്ടാലും മതിവരാത്ത എട്ടു ഗാനങ്ങളായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു വലിയ ആകർഷണം . ആരോമലുണ്ണിയുടെ വൻ വിജയത്തോടുകൂടിയാണ് മലയാളത്തിൽ പ്രേംനസീർ വിജയശ്രീ ജോടി സജീവമാകുന്നതുതന്നെ.
‌ മലയാളത്തിൽ 600-ൽ പരം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച രവീന്ദ്രൻ മാസ്റ്റർ ഈ ചിത്രത്തിൽ ഒരു ഗായകനായിരുന്നു.

“ആടി കളിക്കെടാ കൊച്ചു രാമാ
‌ ചാടി കളിക്കെടാ കൊച്ചുരാമാ ”

എന്ന ഹാസ്യഗാനം കുളത്തുപ്പുഴ രവി എന്ന പേരിലാണ് അന്ന് രവീന്ദ്രൻ മാസ്റ്റർ പാടിയത്.
പുത്തൂരം തറവാട്ടിലെ വീരഗാഥകൾ നാടുനീളെ പാടി നടക്കുന്ന പാണനായി എസ് പി പിള്ള തന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രം ചെയ്തതും ആരോമലുണ്ണിയിലൂടെയാണ്.

“പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം പൂപോലഴകുള്ളോരായിരുന്നു … ”

എന്ന യേശുദാസ് പാടിയ ഗാനത്തിലൂടെ എസ് പി പിള്ള ഇന്നും അനേകായിരം ജനഹൃദയങ്ങളിൽ ജീവിക്കുന്നു.

“മറിമാൻ മിഴി
മല്ലിക തേന്മൊഴി
മനം പോലെ മംഗല്യം …”.( മാധുരി )
“കണ്ണാ ആരോമലുണ്ണിക്കണ്ണാ അണിയൂ തിരുമാറിലണിയൂ
ഞാൻ കോർത്ത കനകാംബരമാല …. ”
(യേശുദാസ് – സുശീല )

” ഉദയഗിരി കോട്ടയിലെ ചിത്രലേഖേ ഉർവ്വശി ചമയുന്നൊരു ചന്ദ്രലേഖേ …”
(പി.സുശീല )
” മുത്തുമണിപ്പളുങ്കു വെള്ളം പുഴയിലെന്റെ കൊത്തുപണി
കരിമ്പു വള്ളം … ”
(യേശുദാസ്)
“മുല്ലപൂത്തു മുള വിരിഞ്ഞു
രാജമല്ലി പൂത്തു കുട വിരിഞ്ഞൂ …”
(യേശുദാസ് – സുശീല)
എന്നീ തേനൂറും ഗാനങ്ങളെ കൂടാതെ വർഷങ്ങൾക്കുശേഷം യേശുദാസും ജയചന്ദ്രനും ഒന്നിച്ചു പാടിയ

“പാടാം പാടാം ആരോമൽ
ചേകവർ പണ്ടങ്കം
വെട്ടിയ കഥകൾ … ”

എന്ന വടക്കൻ പാട്ടിന്റെ വിരോജ്ജ്വലചരിത്രഗാനവും ആരോമലുണ്ണിയുടെ വിജയഘടകങ്ങളിൽ ഒന്നായിരുന്നു .
1972 ഏപ്രിൽ 14-ന് പ്രദർശനം ആരംഭിച്ച ആരോമലുണ്ണി നാളെ
52 വർഷങ്ങൾ പൂർത്തിയാക്കുകയാണ് .
അല്പസ്വല്പം പൊടിപ്പും തൊങ്ങലും വെച്ചിട്ടാണെങ്കിലും
കേരളത്തിന്റെ തനതു ചരിത്രമെന്നവകാശപ്പെടാവുന്ന വടക്കൻ പാട്ടുകളുടെ വീരഗാഥകൾ നമ്മുടെ ചലച്ചിത്ര വേദിക്കു നൽകിയ
ഊർജ്ജവും തേജസ്സും തേനൂറുന്ന ഗാനങ്ങളുമൊക്കെ മലയാളക്കരയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല .