റെയ്ഡിന് പിന്നാലെ കമൽ ഹാസന്റെ കാരവൻ തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിന്നൽ പരിശോധന ; പരിശോധന നടത്തിയത് പ്രചരണത്തിനായി പോകുന്നതിനിടയിൽ

റെയ്ഡിന് പിന്നാലെ കമൽ ഹാസന്റെ കാരവൻ തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിന്നൽ പരിശോധന ; പരിശോധന നടത്തിയത് പ്രചരണത്തിനായി പോകുന്നതിനിടയിൽ

സ്വന്തം ലേഖകൻ

ചെന്നൈ : മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ സഞ്ചരിച്ചിരുന്ന കാരവൻ തടഞ്ഞുനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിന്നൽ പരിശോധന. തിരുച്ചിറപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുന്നതിനിടെയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് കമൽ ഹാസൻ സഞ്ചരിച്ചിരുന്ന കാരവൻ തടഞ്ഞു നിർത്തി പരിശോധിച്ചത്.

എന്നാൽ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല. തഞ്ചാവൂർ ജില്ല അതിർത്തിയിൽ വച്ചായിരുന്നു കമ്മീഷന്റെ മിന്നൽ പരിശോധന ഉണ്ടായത്. തെരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി ഇത്തവണ മത്സരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമൽ ഹാസനെ കാരവനിൽ ഇരുത്തിയാണ് അധികൃതർ പരിശോധന നടത്തിയത്. മുൻകഴിഞ്ഞ ദിവസങ്ങളിൽ ആദായ നികുതി വകുപ്പ് കമൽ ഹാസന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ അദ്ദേഹം പരസ്യമായി രംഗത്ത് വന്നിരുന്നു.

ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണ് റെയ്ഡ് എന്നും ഭയക്കുന്നില്ലെന്നും ആയിരുന്നു കമൽ അന്ന് പറഞ്ഞത്. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കൾ നീതി മയ്യം ശ്രമിക്കുന്നതെന്നും തന്റെ വീട്ടിൽ റെയ്ഡ് നടത്തിയാൽ ഒന്നും കണ്ടെത്താൻ പോകുന്നില്ലെന്നും കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു.

പ്രചരണം ആവേശത്തോടെ മുന്നോട്ടു പോകുന്നതിനിടയിൽ കമൽ ഹാസന് പുറമെ മക്കൾ നീതി മയ്യം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ വീടുകളിലും ആദായ നികുതി വകുപ്പ് കഴിഞ്ഞദിവസം മിന്നൽ പരിശോധന നടത്തിയിരുന്നു.