കടത്തുകാരൻ എത്തിയിട്ട് 59 വർഷം കഴിഞ്ഞു: ഇന്നും പാവക്കുട്ടി പിച്ചാ… പിച്ചാ

കടത്തുകാരൻ എത്തിയിട്ട് 59 വർഷം കഴിഞ്ഞു: ഇന്നും പാവക്കുട്ടി പിച്ചാ… പിച്ചാ

 

സ്വന്തം ലേഖകൻ
കോട്ടയം: റൂത്ത് ഹാൻഡ്‌ലർ എന്ന അമേരിക്കൻ വനിതയുടെ
ബുദ്ധിയിലുദിച്ച ആശയമായിരുന്നു പെൺകുഞ്ഞുങ്ങൾക്ക് കളിപ്പാട്ടമായി ചന്തമുള്ള ഒരു പാവക്കുട്ടിയെ നിർമ്മിക്കുക എന്നുള്ളത്.

ഭർത്താവ് ഏലിയറ്റുമായി ചേർന്ന് രജിസ്റ്റർ ചെയ്ത “മാട്ടേൽ ”
കമ്പനി അങ്ങനെ 1945 മുതൽ മനോഹരമായ കളിപ്പാവകളെ നിർമ്മിക്കാൻ തുടങ്ങി.
“ബാർബി ” എന്നു പേരിട്ട ഈ പാവക്കുട്ടികളുടെ കുഞ്ഞുടുപ്പും നക്ഷത്ര കണ്ണുകളും പെട്ടെന്ന് തന്നെ ലോകം കീഴടക്കുകയും വിപണി കൈയടക്കുകയും ചെയ്തു.
എന്തൊക്കെ കളിപ്പാട്ടങ്ങൾ ഉണ്ടെങ്കിലും ലോകത്തെമ്പാടുമുള്ള പെൺകുട്ടികളുടെ ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാവ ബാർബി തന്നെ.

കളിപ്പാവ വിപണിയിലെ 80 ശതമാനവും കൈയടക്കിയിരിക്കുന്ന
ബാർബിയിലൂടെ കമ്പനി നേടിയെടുത്തത് ശതകോടികളാണ്.
അമ്മമാർ തങ്ങളുടെ പെൺകുട്ടികൾക്ക് പാവക്കുട്ടികളെ വാങ്ങി കൊടുക്കുമ്പോൾ അതിലൂടെ മഹത്തായ മാതൃസങ്കല്പങ്ങളാണ് താലോലിക്കപ്പെടുന്നത്. അതായിരിക്കാം പെൺകുട്ടികളും പാവക്കുട്ടികളുമായുള്ള പൊരുത്തപ്പെടലിന്റെ പിന്നിലുള്ള മന:ശാസ്ത്രം.
ഈ സാരസ്വത രഹസ്യം നല്ല പോലെ അറിയാവുന്ന യുഗപ്രഭാവനായ വയലാർ രാമവർമ്മ
1965 -ൽ എം കൃഷ്ണൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ
“കടത്തുകാരൻ ” എന്ന ചിത്രത്തിൽ എഴുതിയ ഒരു ഗാനം ഈ മന:ശാസ്ത്രത്തെ ആസ്പദമാക്കിയിട്ടാണെന്ന് തോന്നുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“പാവക്കുട്ടീ
പാവാടക്കുട്ടി
പിച്ചാ പിച്ചാ പിച്ചാ
പിച്ചാ പിച്ചാ പിച്ചാ
കാത്തിരിക്കും
വീട്ടിലൊരു കൊച്ചു
കൂട്ടുകാരി കൂട്ടുകാരി …..”

എന്ന പാട്ട് ഇന്നും എല്ലാ അച്ഛനമ്മമാർക്കും കുട്ടികൾക്കും പ്രിയപ്പെട്ടതുതന്നെ…
കെ പത്മനാഭൻ നായരുടേതായിരുന്നു “കടത്തുകാര” ന്റെ കഥയും തിരക്കഥയും.
ശരവണ പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രത്തിൽ സത്യൻ ,പ്രേംനവാസ് ,ഹരി ,
അംബിക ,ഷീല ,അടൂർഭാസി തുടങ്ങിയ നടീനടന്മാരാണ് പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിന്റെ ഗാനരചന വയലാർ രാമവർമ്മയും സംഗീതസംവിധാനം ബാബുരാജും നിർവ്വഹിച്ചു.
അതിമനോഹരമായ
ഗാനങ്ങൾ തന്നെയായിരുന്നു “കടത്തുകാരൻ ” എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ വിജയഘടകം.
“പാവക്കുട്ടി പാവാടക്കുട്ടി
പിച്ചാ പിച്ചാ പിച്ചാ …”

(കെ.പി.ഉദയഭാനു ,ലതാ രാജു ) “മുത്തോലക്കുടയുമായി
മുന്നാഴിപ്പൂവുമായി ഉത്രാടരാത്രിയുടെ തേരിറങ്ങി …”.(പി.ലീല )
“തൃക്കാർത്തികയ്ക്ക് തിരികൊളുത്താൻ വന്ന നക്ഷത്രകന്യകളേ …”
(പി.ലീല, ഉദയഭാനു ) “അമ്പാടിതന്നിലൊരുണ്ണിയുണ്ട ങ്ങനെ …. ” (ലത )
“കള്ള ചിരിയാണ്
ഇത് കള്ള ചിരിയാണ് …”
(ജാനകി)
“മണിമുകിലേ മണിമുകിലേ.. ”
( എ.കെ. സുകുമാരൻ , എസ്. ജാനകി )
” കൊക്കര കോ കൊക്കര കോ …. ” ( യേശുദാസ് ) എന്നിവയായിരുന്നു ചിത്രത്തിലെ പ്രധാന ഗാനങ്ങൾ.

കണ്ണൂർ സ്വദേശിയായ
എ.കെ. സുകുമാരൻ എന്ന ഗായകന്റെ ആദ്യ ചിത്രമായിരുന്നു കടത്തുകാരൻ . ജാനകിയോടൊത്തു പാടിയ
” മണിമുകിലേ മണിമുകിലേ….” എന്ന ഗാനം ഹിറ്റായെങ്കിലും സിനിമാ രംഗത്തെ ചില ഉപജാപക പ്രവർത്തനങ്ങൾ മൂലം ചലച്ചിത്ര രംഗത്തു നിന്ന് അദ്ദേഹം പൂർണമായും പിൻവാങ്ങുകയാണുണ്ടായത്.
1965 മാർച്ച് രണ്ടാം വാരത്തിൽ പ്രദർശനത്തിനെത്തിയ “കടത്തുകാരൻ ”
59വർഷങ്ങൾ പൂർത്തിയാക്കിയെങ്കിലും ഉത്രാടരാത്രി ,അത്തപ്പൂ , തൃക്കാർത്തിക തുടങ്ങി മലയാള മനസ്സിന്റെ ഗൃഹാതുര സ്മരണകളെ തൊട്ടുണർത്തുന്ന ഈ ചിത്രത്തിലെ തേനൂറുന്ന ഗാനങ്ങൾ തൃക്കാർത്തികയുടെ പ്രഭാപൂരം പോലെ ഇന്നും പ്രകാശം ചൊരിയുന്നു.