കൂട്ടപാലായനം, കാബൂള്‍ വിമാനതാവളത്തിലേക്ക് ഇരച്ചെത്തി ജനം; അടിയന്തിര ദൗത്യത്തിനൊരുങ്ങി എയർ ഇന്ത്യ; കാബൂളിൽ പ്രസിഡണ്ടിന്‍റെ കൊട്ടാരത്തിൽ താലിബാന്‍ പതാക ഉയർത്തി

കൂട്ടപാലായനം, കാബൂള്‍ വിമാനതാവളത്തിലേക്ക് ഇരച്ചെത്തി ജനം; അടിയന്തിര ദൗത്യത്തിനൊരുങ്ങി എയർ ഇന്ത്യ; കാബൂളിൽ പ്രസിഡണ്ടിന്‍റെ കൊട്ടാരത്തിൽ താലിബാന്‍ പതാക ഉയർത്തി

സ്വന്തം ലേഖകൻ

കാബൂള്‍: തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചതോടെ അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരത്തില്‍ നിന്നും കൂട്ടപാലയനത്തിനൊരുങ്ങി ജനങ്ങള്‍. കാബൂള്‍ വിമാനതാവളത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. ആയിരങ്ങളാണ് വിമാനതാവളത്തില്‍ തമ്പടിച്ചിരിക്കുന്നത്.

നിലവില്‍ വിവിധ രാജ്യങ്ങള്‍ കാബൂളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം, കാബൂള്‍ എയര്‍പോര്‍ട്ടില്‍ ഇതുവരെ താലിബാന്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍ ഇവിടുത്തേക്കുള്ള എല്ലാ റോഡുകളും താലിബാന്‍ അടച്ചിരിക്കുകയാണ്.

കാബൂളില്‍ നിന്നുള്ള അടിയന്തര ദൗത്യത്തിനായി രണ്ട് വിമാനങ്ങളും, വിമാന ജീവനക്കാരെയും തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കി. അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി വിമാനം തിരിക്കും. ദില്ലിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന്  കാബൂളിലേക്ക് പുറപ്പെടും.

അതേ സമയം ഇന്നലെ രാത്രി 8 മണിയോടെ കാബൂളില്‍ നിന്നും 128 ഇന്ത്യക്കാരെ എയര്‍ ഇന്ത്യ വിമാനം ദില്ലിയില്‍ എത്തിച്ചു. നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗാനിയുടെ മുഖ്യ ഉപദേശകന്‍ അടക്കം മുതിര്‍ന്ന ചില ഉദ്യോഗസ്ഥരും ഈ വിമാനത്തില്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്.

കാബൂളിൽ പ്രസിഡണ്ടിന്‍റെ കൊട്ടാരത്തിൽ താലിബാന്‍ പതാക ഉയർത്തിയതിന് പിന്നാലെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. തലസ്ഥാനമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികൾ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നിൽക്കാതെ തന്നെ അഫ്ഗാൻ സൈന്യം പിന്മാറുകയായിരുന്നു.