കാപ്പയ്ക്ക് രാജപദവിയോ ?കാപ്പയെന്നാൽ ഐപിഎസും, ഡോക്ടറേറ്റും, എൽ എൽ ബി യും ലഭിച്ചതു പോലെ ആഘോഷമാക്കി കൊടും ക്രിമിനലുകൾ ; പതിനായിരം രൂപയ്ക്ക് കാല് തല്ലി ഒടിക്കുന്നവൻ കാപ്പ ചുമത്തുന്നതോടെ നിരക്ക് അമ്പതിനായിരമാക്കി ഉയർത്തുന്നു; കൊടും ക്രിമിനലുകളെ ഒതുക്കാൻ കാപ്പ മതിയോ?

കാപ്പയ്ക്ക് രാജപദവിയോ ?കാപ്പയെന്നാൽ ഐപിഎസും, ഡോക്ടറേറ്റും, എൽ എൽ ബി യും ലഭിച്ചതു പോലെ ആഘോഷമാക്കി കൊടും ക്രിമിനലുകൾ ; പതിനായിരം രൂപയ്ക്ക് കാല് തല്ലി ഒടിക്കുന്നവൻ കാപ്പ ചുമത്തുന്നതോടെ നിരക്ക് അമ്പതിനായിരമാക്കി ഉയർത്തുന്നു; കൊടും ക്രിമിനലുകളെ ഒതുക്കാൻ കാപ്പ മതിയോ?

ഏ.കെ ശ്രീകുമാർ

കോട്ടയം : സംസ്ഥാനത്ത് കാപ്പ ചുമത്തപ്പെട്ട കുറ്റവാളികൾക്ക് ഉയർന്ന പരിഗണന ലഭിക്കുന്നതായി ആക്ഷേപം. ഐ പി എസ്, ഐഎഎസ് , എൽഎൽബി, ഡോക്ടറേറ്റ് പോലുള്ള പദവികൾ ലഭിക്കുന്നതു പോലെയാണ് ക്രിമിനൽ സമൂഹം കാപ്പ ചുമത്തപ്പെട്ടവരെ കാണുന്നത്. ഇവർക്ക് ഷാപ്പിലും , ബാറിലും ക്രിമിനൽ സമൂഹത്തിലും മുന്തിയ പരിഗണനയാണ് ലഭിക്കുന്നത്.
തങ്ങൾ വലിയൊരു സംഭവമാണെന്ന നിലയിലാണ് ഇവർ നാട്ടിൽ വിലസുന്നത്.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ(KAAPA). ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ആറ് മാസമാണ്. തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതികളാവുകയോ, നാട്ടിൽ ക്രമസമാധാനം തകർക്കുകയോ, കൊട്ടേഷൻ പ്രവർത്തനം നടത്തുകയോ ചെയ്യുന്നവരെയാണ്‌ ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്‌ക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ പിടിക്കപ്പെടുന്നവരാണ് ജനമദ്ധ്യത്തിൽ വിവിഐപികളായി വിലസുന്നത് എന്നത് വിരോധാഭാസം തന്നെയാണ്.

പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവർ, അറിയപ്പെടുന്ന ഗുണ്ടകൾ, അനധികൃത മദ്യക്കച്ചവടക്കാർ, വിതരണക്കാർ, സ്ഥിരമായി കൊട്ടേഷൻ പ്രവർത്തനം നടത്തുന്നവർ എന്നിവരെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും.

സാമ്പത്തികമായി സുരക്ഷയുള്ള കാപ്പ കുറ്റവാളികൾ തങ്ങൾക്ക് ലഭിച്ച കാപ്പ മുദ്രണത്തെ അലങ്കാരമായി കൊണ്ടു നടക്കുന്നത് സമൂഹത്തിന് കൂടുതൽ ഭീഷണിയായി മാറുകയാണ്.

കാപ്പ നിയമപ്രകാരം അറിയപ്പെടുന്ന ഗുണ്ടകളെയും റൗഡികളെയും ചില സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒരു വർഷം തടയാൻ ഡി.ഐ.ജിക്കോ ജില്ലാ മജിസ്ട്രേട്ടിനോ അധികാരമുണ്ട്. ഏതെങ്കിലും പ്രദേശം പ്രശ്നബാധിതമെന്ന് ഉത്തരവിടാൻ ഈ ആക്ട് മൂലം ജില്ലാ മജിസ്ട്രേട്ടിന് അധികാരമുണ്ടാകും. മ­യ­ക്കു­മ­രു­ന്നു ­കേ­സി­ലെ­ പ്ര­തി­കൾ­ക്കും­ കാ­പ്പ­ നി­യ­മം ചുമത്താവുന്നതാണെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഒരു ജില്ലയിൽ നിന്ന് മാറ്റൊരു ജില്ലയിലേക്ക് ക്രിമിനലുകളെ നാടുകടത്തുന്നത് കൊണ്ട് യാതൊരു ഗുണവുമില്ലെന്നതാണ് വസ്തുത

കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് നാടുകടത്തപ്പെടുന്ന ഗുണ്ട എറണാകുളത്തുള്ള ഗുണ്ടകളുമായി കൂട്ട് ചേർന്ന് അവിടെയും തന്റെ സാമാജ്യം വിപുലമാക്കുകയാണ് ചെയ്യുന്നത്. എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് നാടുകടത്തപ്പെടുന്ന ഗുണ്ട പിന്നീട് ഇവിടെ കൊട്ടേഷൻ പ്രവർത്തനം നടത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഫലത്തിൽ ഗുണ്ടകളെ നാട് കടത്തുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല .

കാപ്പ പ്രകാരമുള്ള നാടുകടത്തല്‍ മുറയ്‌ക്ക്‌ നടക്കുന്നുണ്ടെങ്കിലും അത്‌ എത്രമാത്രം ഫലപ്രദമാണെന്ന ചോദ്യം ബാക്കിയാണ്. ജില്ലയില്‍ പ്രവേശിക്കരുതെന്ന നിര്‍ദേശം ലഭിക്കുന്ന ഇവര്‍ അതിര്‍ത്തിവിട്ട ശേഷം എന്ത്‌ ചെയ്യുന്നെന്ന്‌ പരിശോധിക്കാനുള്ള സംവിധാനമോ നിയമമോ നിലവിലില്ല.

പലരും റോഡരികിലും ബസ്‌സ്‌റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷനിലും സുഹൃത്തുക്കളുടെ വീടുകളിലുമായി കഴിയുകയാണ്‌ പതിവ്‌.

ഭൂരിഭാഗംപേരും കാപ്പ ഉപദേശകസമിതിയെ സമീപിച്ച്‌ ഇളവ്‌ നേടി ജില്ലയില്‍ തിരിച്ചെത്തും. ഇത്തരത്തില്‍ ഇളവ്‌ ലഭിച്ച് തിരികെ എത്തിയ കൊടും ക്രിമിനലാണ് യുവാവിനെ കൊന്ന്‌ കോട്ടയം ഈസ്റ്റ്‌ പൊലീസ്‌ സ്‌റ്റേഷന്‌ മുന്നിലിട്ടത്‌.

കാപ്പ ചുമത്തൽ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും നാട്ടിൽ ക്രിമിനലുകൾ മുറയ്ക്ക് പെരുകുകയാണ്. ക്രിമിനലുകളെ ഒതുക്കാൻ കാപ്പ നിയമം പരിഷ്കരിക്കുകയോ അല്ലങ്കിൽ ശാശ്വതമായ സംവിധാനം ഉണ്ടാകുകയോ വേണ്ടിയിരിക്കുന്നു.