വധശ്രമം, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകൾ; ഏറ്റുമാനൂർ സ്വദേശിയെ കാപ്പാ ചുമത്തി ജയിലിൽ അടച്ച നടപടി ശരിവച്ച് സര്‍ക്കാര്‍
സ്വന്തം ലേഖിക
ഏറ്റുമാനൂർ: നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സര്‍ക്കാര്‍ ശരിവച്ചു.
ഏറ്റുമാനൂർ തെള്ളകം വലിയകാല കോളനി ഭാഗത്ത് തടത്തിൽപറമ്പിൽ വീട്ടിൽ നാദിർഷ നിഷാദിനെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. ഈ മാസം എട്ടിനായിരുന്നു ഇയാളെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ ആക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെ ശരിവെച്ചു കൊണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത് .ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ പാമ്പാടി,ഗാന്ധിനഗർ,ഏറ്റുമാനൂർ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ ഇൻഫോപാർക്ക്, മൂവാറ്റുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും വധശ്രമം, സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഇതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പാ നിയമ നടപടി സ്വീകരിക്കണമെന്ന് പോലീസ് റിപ്പോർട്ട് നല്‍കിയതും ഇയാളെ കരുതല്‍ തടങ്കലില്‍ അടച്ചതും.