കേരളത്തിന്റെ സുന്ദരനായ രാഷ്ട്രീയക്കാരൻ പൂർണ ആരോഗ്യത്തോടെ ജനങ്ങൾക്കിടയിലേയ്ക്ക്: ജനകീയ പോരാട്ടങ്ങൾ വിജയിപ്പിച്ച കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ രോഗത്തെയും തോൽപ്പിച്ചു

കേരളത്തിന്റെ സുന്ദരനായ രാഷ്ട്രീയക്കാരൻ പൂർണ ആരോഗ്യത്തോടെ ജനങ്ങൾക്കിടയിലേയ്ക്ക്: ജനകീയ പോരാട്ടങ്ങൾ വിജയിപ്പിച്ച കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ രോഗത്തെയും തോൽപ്പിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരള രാഷ്ട്രീയത്തിലെ സുന്ദരനായ രാഷ്ട്രീയക്കാരൻ.. കഴിവും സൗന്ദര്യവും രാഷ്ട്രീയക്കാരനു വേണ്ട ജനകീയതയും എല്ലാം ഒത്തിണങ്ങിയ കേരളത്തിന്റെ സ്വന്തം കുറുപ്പ്..! ജനകീയ സമരങ്ങളെ പടവെട്ടി വിജയിപ്പിച്ച ചരിത്രം കൈമുതലായുള്ള സുരേഷ് കുറുപ്പ് തനിക്കെതിരെ വന്ന രോഗത്തെയും ചെറുത്തു തോൽപ്പിച്ചിരിക്കുകയാണ്. രണ്ടു മാസത്തോളം നീണ്ടു നിന്ന രോഗത്തെ തകർത്തു, ചികിത്സയിൽ വിജയിച്ചാണ് കെ.സുരേഷ്‌കുറുപ്പ് തന്റെ പ്രിയപ്പെട്ട ജനങ്ങൾക്കിടയിലേയ്ക്കു മടങ്ങിയെത്തുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഭയത്തിന്റെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ എത്തിയ, കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ തന്റെ രണ്ടാം വരവ് ആഘോഷമാക്കി മാറ്റി.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയത്തിൽ എത്തിയ കെ.സുരേഷ്‌കുറുപ്പ് എംഎൽഎ, തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും അവധിയെടുത്തിട്ടില്ല. വർഷങ്ങളോളം ജനപ്രതിനിധിയായിരുന്ന കുറുപ്പ്, എന്നും ജനങ്ങൾക്കിടയിൽ തന്നെയായിരുന്നു. പുഞ്ചിരിക്കുന്ന മുഖവും, വാത്സല്യത്തോടെയുള്ള സമീപനവുമായി എന്നും കുറുപ്പ് ജനങ്ങൾക്കിടയിലുണ്ടായിരുന്നു. ഈ കുറുപ്പിനെയാണ് അപ്രതീക്ഷിതനായി എത്തിയ രോഗം ക്വാറന്റൈനിലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപാറുന്ന വിദ്യാർത്ഥി യുവജന സമരപോരാട്ടങ്ങളുടെ ബാക്കി പത്രമായി ലഭിച്ച അസുഖമാണ് കെ.സുരേഷ്‌കുറുപ്പ് എന്ന കോട്ടയത്തിന്റെ സ്വന്തം കുറുപ്പിനെ രോഗക്കിടക്കയിലാക്കിയത്. കാലിലെ ഞരമ്പുകൾക്കുണ്ടാകുന്ന നീർക്കെട്ടും, മരവിപ്പുമായിരുന്നു അസുഖം. വാസ്‌കുലോറ്റിസ് ന്യൂറോപ്പതി എന്ന ഗുരുതരമായ അവസ്ഥ. കാറിൽ നിന്നും ഇറങ്ങാനും, പടികൾ കയറാനും ഒരാൾ കൈപിടിച്ചേ പറ്റു എന്ന സ്ഥിതി. പല തവണ ചികിത്സയ്ക്കായി മാറി നിൽക്കാൻ പാർട്ടിയും, സഹപ്രവർത്തകരും ആവശ്യപ്പെട്ടെങ്കിലും വ്യക്തിപരമായ പ്രയാസങ്ങളെക്കാൾ സാധാരണക്കാരായ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളായിരുന്നു കുറുപ്പിന്റെ മുന്നിൽ തെളിഞ്ഞത്.

നാലു വർഷത്തോളമായി രോഗത്തിന്റെ അവശതകൾ കുറുപ്പിനെ അലട്ടിയിരുന്നു. ആദ്യം ആയുർവേദ ചികിത്സ നടത്തി രോഗത്തെ പിടിച്ചു കെട്ടാനായിരുന്നു ശ്രമം. രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയതോടെ പിന്നീട്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായി ചികിത്സ. ന്യൂറോ മെഡിസിൻ വിഭാഗത്തിൽ ഡോ.ഹാരിസിനെ കണ്ടു. ഇദ്ദേഹത്തിന്റെ നിർദേശാനുസരണമാണ് തമിഴ്‌നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പോയത്. ഇവിടെ ഡോ.അജിത് വിശ്വനാഥനാണ് കുറുപ്പിനെ ചികിത്സിച്ചത്.

പ്രമേഹമോ മറ്റു രോഗങ്ങളോ ഇല്ലാത്ത കുറുപ്പിന് എങ്ങിനെയാണ് ഈ രോഗം പിടിപെട്ടതെന്നായിരുന്നു ഡോക്ടർമാരുടെ സംശയം. ഇതോടെയാണ് സമരോത്സുകമായ വിദ്യാർത്ഥി, യുവജന കാലഘട്ടത്തിലെ തീഷ്ണമായ രാഷ്ട്രീയ പോരാട്ടത്തിന്റെ കഥകളുടെ കെട്ടഴിച്ചത്. തിളച്ചു മറിഞ്ഞ യൗവനകാലഘട്ടത്തിൽ സുരേഷ് കുറുപ്പ് എന്ന പോരാളിയ്ക്കു പൊലീസിന്റെയും, മറ്റ് ഇതര രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടകളുടെയും ക്രൂരമായ മർദനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ലഭിച്ച മർദനത്തിന്റെ ബാക്കി പത്രമാണ് തന്റെ ശരീരത്തിലേയ്ക്കു അരിച്ചിറങ്ങുന്ന വേദനയായി എത്തിയത് എന്നു കുറുപ്പ് തിരിച്ചറിഞ്ഞിരുന്നു.

രണ്ടു മാസത്തോളം നീണ്ടു നിന്ന ചികിത്സയുടെ ഭാഗമായി ഒടുവിൽ അദ്ദേഹം ഹൃദയത്തിനൊപ്പം സൂക്ഷിച്ചിരുന്ന ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നും വിട്ടു നിന്നു. ചികിത്സിച്ച് രോഗം പൂർണമായും ഭേദമാക്കിയ ശേഷം തിരികെ കുറുപ്പ് ഏറ്റുമാനൂരിലെ വീട്ടിലെത്തിയപ്പോഴേയ്ക്കും മാർച്ച് പകുതി കഴിഞ്ഞിരുന്നു. ഇതോടെ കേന്ദ്ര സർക്കാർ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. കൊവിഡ് 19 പടരുന്ന കാലമായതിനാൽ തന്നെ തമിഴനാട്ടിൽ നിന്നും എത്തിയ കുറുപ്പ് സ്വയം ക്വാറന്റൈനിൽ കഴിയാൻ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം ചികിത്സയുടെ വിശ്രമകാലവും പൂർത്തിയാക്കി. ഭാര്യ സാവിത്രിയും, ഇളയ മകൻ ഗോപീകൃഷ്ണനുമാണ് ഇപ്പോൾ വീട്ടിലുള്ളത്.

കൊറോണക്കാലത്ത് ഏറ്റുമാനൂരിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നെങ്കിലും മണ്ഡലത്തിലെ ഓരോ ഡിവൈഎഫ്‌ഐ, സിപിഎം പ്രവർത്തകരും എംഎൽഎമാരായി മാറുകയായിരുന്നു. കുറുപ്പിന്റെ അസാന്നിധ്യം തെല്ലിട പോലും തോന്നാതെ ഓരോ ആവശ്യങ്ങൾക്കും അവർ ഓടിയെത്തി. രോഗക്കിടക്കയിൽ പോലും എംഎൽഎ എന്ന കർത്തവ്യം മാറ്റി വയ്ക്കാതെ തന്നെയായിരുന്നു കുറുപ്പിന്റെ ഓരോ നീക്കങ്ങളും. മനസിനെ മണ്ഡലത്തിൽ നിർത്തി, വീടിനുള്ളിലിരുന്ന നിമിഷങ്ങളെല്ലാം എണ്ണിത്തീർത്ത്, രോഗത്തിന്റെ പുറംതോട്ട് പൊട്ടിച്ച് കുറുപ്പ് പുറത്തേയ്ക്കിറങ്ങി ജനങ്ങൾക്കിടയിലേയ്ക്കു പറന്നെത്തുകയാണ്.

ചൊവ്വാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഭയത്തിന്റെ ജനകീയ ഭക്ഷണ ശാലയിൽ എത്തിയ കുറുപ്പ് ആദ്യമായി പൊതുപരിപാടിയുടെ ഭാഗമായി. ബുധനാഴ്ച മുതൽ ജില്ലയിലെ രാഷ്ട്രീയ വേദികളിൽ സുരേഷ്‌കുറുപ്പ് എന്ന വെള്ളത്താടിക്കാരന്റെ പുഞ്ചിരിക്കുന്ന സുന്ദരമുഖം സജീവ സാന്നിധ്യമായുണ്ടാകും.. പഴയതിലും ചുറുചുറുക്കോടെ .. യുവത്വത്തിന്റെ പ്രസരിപ്പോടെ..!