കെ.സുരേഷ് കുറുപ്പിന്റെ സഹോദരൻ അഡ്വക്കേറ്റ് ജനറൽ; ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണ്ണായക തീരുമാനവുമായി രണ്ടാം പിണറായി സർക്കാർ
തേർഡ് ഐ ബ്യൂറോ
കൊച്ചി: സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെയും,ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസായി അഡ്വ. ടി എ ഷാജിയെയും സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായി വി കെ രാമചന്ദ്രനെയും മന്ത്രിസഭായോഗം നിയമിച്ചു.
സിപി.സുധാകര പ്രസാദ് ( എജി) മഞ്ചേരി ശ്രീധരൻ നായർ(ഡിജിപി) എന്നിവർ രാജി വച്ച ഒഴിവിലാണ് പുതിയ നിയമനങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എജി തസ്തികയിലേക്ക് സജീവമായി കേട്ടിരുന്ന പേരാണ് മുതിർന്ന അഭിഭാഷകനായ അഡ്വ.ഗോപാലകൃഷ്ണ കുറുപ്പിന്റേത്. ഏറ്റുമാനൂർ മുൻ എംഎൽഎ കെ.സുരേഷ് കുറുപ്പിന്റെ സഹോദരനാണ് ഇദ്ദേഹം.
അഡ്വക്കേറ്റ് ജനറൽ ആയി നിയമിതനായ സീനിയർ അഡ്വക്കറ്റ് കെ.ഗോപാലകൃഷ്ണ കുറുപ്പ്, പിഎ.കുഞ്ഞൻ പിള്ള -ഭാരതി അമ്മ ദമ്പതികളുടെ മകനായി 1953 ൽ കോട്ടയം ജില്ലയിൽ ജനിച്ചു. നിയമ ബിരുദം പൂർത്തിയാക്കിയ ശേഷം 1976 ൽ അഭിഭാഷകൻ ആയി എന്റോൾ ചെയ്തു. കോട്ടയം ബാറിൽ മുൻ എംഎൽഎ ആയ അഡ്വ എം തോമസിന്റെയും കെ ജോർജിന്റെയും ജൂനിയർ ആയി അഭിഭാഷക വൃത്തിയിൽ തുടക്കം. പിന്നീട് 1984 ൽ, അദ്ദേഹത്തിന്റെ അമ്മാവനും വാഴൂർ എംഎൽഎ യും ആയിരുന്ന അഡ്വ. എൻ.രാഘവ കുറുപ്പിന്റെ ജൂനിയർ ആയി കേരള ഹൈകോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.
ഭരണഘടന ക്രിമിനൽ സിവിൽ ലേബർ നിയമങ്ങളിൽ അവഗാഹം നേടിയ ഗോപാലകൃഷ്ണ കുറുപ്പ് 1999-2001 കാലയളവിൽ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ആയി സേവനമനുഷ്ഠിച്ചു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, തിരുവനന്തപുരം നഗര സഭ, കൊച്ചി ദേവസ്വം ബോർഡ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിൽ ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഒട്ടേറെ പ്രസിദ്ധമായ കേസുകളിൽ ഹാജരായ അദ്ദേഹത്തിന് 2010 ൽ കേരള ഹൈക്കോടതി സീനിയർ പദവി നൽകി.
2005 ൽ കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെയും പിന്നീട് എസ്എഫ്ഐ രൂപീകൃതമായപ്പോൾ അതിന്റെ മുൻനിരയിൽ പ്രവർത്തിച്ച ഗോപാലകൃഷ്ണ കുറുപ്പ് കെഎസ് വൈ എഫ് ന്റെയും നേതൃത്വ നിരയിൽ ഉണ്ടായിരുന്നു. നിലവിൽ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈ കോർട്ട് കമ്മിറ്റി പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവും ആണ്.
അഡ്വ ടി എ ഷാജി നിലവിൽ കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ആണ്. ദീർഘകാലം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി കെ അച്യുതന്റെയും മന്ദാകിനിയുടെയും മകനാണ്. മാല്യങ്കര എസ്എൻഎം കോളജിലും എറണാകുളം ലോ കോളജിലുമായി വിദ്യാഭ്യാസം. 1986 മുതൽ ഹൈക്കോടതിയിലും മറ്റ് കോടതികളിലുമായി പ്രാക്ടീസ് ചെയ്തു വരവെ 2012 സീനിയർ അഭിഭാഷകൻ എന്ന പദവി ലഭിച്ചു.
ഹൈക്കോടതിയിലും വിവിധ വിചാരണ കോടതി കളിലുമായി ക്രിമിനൽ കേസുകൾ നടത്തിയുള്ള സുദീർഘമായ പരിചയം ഉള്ള അദ്ദേഹം, കേരള ബാങ്ക് , റീജണൽ ക്യാൻസർ സെന്റർ എന്നിവയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസൽ ആയും പ്രവർത്തിച്ചു വരുന്നു. കേരള ഹൈ കോടതിക്ക് കീഴിലുള്ള ട്രെയിനിങ് ഡയറക്ടറേറ്റ് ന്റെ ഫാക്കൽറ്റി അംഗം എന്ന നിലക്ക് ക്രിമിനൽ നിയമത്തിൽ അനേകം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
നിലവിൽ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗമാണ്.
പ്രസന്ന ഷാജി ആണ് ഭാര്യ. അമൽ ഷാജി(. മെക്കാനിക്കൽ എൻജിനീയർ ), അതുൽ ഷാജി ( അഭിഭാഷകൻ) എന്നിവർ മക്കളാണ്.