ചർച്ചകൾ ജോസ് ടോമിനെ കേന്ദ്രീകരിച്ച്: അംഗീകരിക്കാതെ പി.ജെ ജോസഫ്: കോട്ടയം ഡിസിസിയിൽ നാടകീയ നിമിഷങ്ങൾ

ചർച്ചകൾ ജോസ് ടോമിനെ കേന്ദ്രീകരിച്ച്: അംഗീകരിക്കാതെ പി.ജെ ജോസഫ്: കോട്ടയം ഡിസിസിയിൽ നാടകീയ നിമിഷങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ യുഡിഎഫിൽ എങ്ങും എത്താതെ തുടരുന്നു.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ യു.ഡി.എഫിലെ സ്ഥാനാർത്ഥിയായി  കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ ജില്ലാ കൗൺസിൽ അംഗവുമായ അഡ്വ.ജോസ് ടോമിന്റെ പേര് ജോസ് കെ മാണി വിഭാഗം മുന്നോട്ട് വയ്ക്കുന്നതെങ്കിലും ജോസഫ് വിഭാഗം ഇത് അംഗീകരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എംഎൽഎ , പി.കെ കുഞ്ഞാലിക്കുട്ടി , ബെന്നി ബഹന്നാൻ , പി.ജെ ജോസഫ് , ജോസ് കെ മാണി , മോൻസ് ജോസഫ് , റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ.   നിഷ സ്ഥാനാർത്ഥിയായാൽ ചിഹ്നവും പിന്തുണയും നൽകില്ലെന്ന ഉറച്ച നിലപാടിലേക്ക് പി.ജെ.ജോസഫ്  നീങ്ങി.ചർച്ചകൾ കീറാമുട്ടിയായതോടെ മാണി കുടുംബത്തിന് പുറത്തേക്ക് സ്ഥാനാർത്ഥി ചർച്ചകൾ മാറുകയായിരുന്നു.
കേരള കോൺഗ്രസിൽ നിന്നും തങ്ങൾ പുറത്താക്കിയ ആളാണ് ജോസ് ടോം എന്നും ആയതിനാൽ ഇയാളെ അംഗീകരിക്കാനാവില്ലെന്നുമാണ്  ജോസഫ് വിഭാഗത്തിന്റെ വാദം. രാത്രി വൈകി സ്ഥാർത്ഥിയെ പ്രഖ്യാപിക്കും എന്നാണ് സൂചന. കോട്ടയം ഡി സി സി യിൽ അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്.

സ്ഥാനാർത്ഥിയായി ജോസ് വിഭാഗം മുന്നോട്ട് വച്ച ജോസ് ടോം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ്.  കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയാണ്. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. ‍10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് മെംബറായിരുന്നു. ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ജസി ജോസ് മീനച്ചില്‍ പഞ്ചായത്ത് മെംബറാണ്. മുന്‍പ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group