ജോസ് കെ.മാണിയുടെ പുറത്താകൽ: ഹൈക്കമാൻഡ് പ്രശ്‌നത്തിൽ ഇടപെട്ടു; ജോസ് കെ.മാണിയ്ക്കു വമ്പൻ ഓഫർ; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രത്യേക പരിഗണന

ജോസ് കെ.മാണിയുടെ പുറത്താകൽ: ഹൈക്കമാൻഡ് പ്രശ്‌നത്തിൽ ഇടപെട്ടു; ജോസ് കെ.മാണിയ്ക്കു വമ്പൻ ഓഫർ; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രത്യേക പരിഗണന

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യു.ഡി.എഫിൽ നിന്നും പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് വമ്പൻ പാക്കേജുമായി ഹൈക്കമാൻഡ്. കേന്ദ്രത്തിൽ നിർണ്ണായക സാന്നിധ്യമാകുന്ന രണ്ട് എം.പിമാരുള്ള ജോസ് കെ.മാണി വിഭാഗത്തെ കൈവിട്ടുകളയാൻ ഹൈക്കമാൻഡ് തയ്യാറായിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെട്ടതോടെയാണ് ഇന്നലെ പെട്ടന്നു തന്നെ കോൺഗ്രസ് നേതൃത്വം നിലപാട് മാറ്റിയതെന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാനാണ് ജോസ് കെ.മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രത്യേക ദൂതൻ വഴി ജോസ് കെ.മാണിയെ ബന്ധപ്പെട്ടു. കേരളത്തിലെ നിലവിലെ സാഹചര്യങ്ങൾ എ.കെ ആന്റണിയും സോണിയാ ഗാന്ധിയെ സൂചിപ്പിച്ചതായാണ് സൂചന. ഇതേ തുടർന്നാണ് സോണിയാ ഗാന്ധി ജോസ് കെ.മാണിയുമായി നേരിട്ട് സംസാരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യ സഭയിലും ലോക്‌സഭയിലും ഓരോ എംപിമാർ വീതം ജോസ് കെ.മാണി വിഭാഗത്തിനുണ്ട്. ഇത് കൂടാതെ ചെറുപ്പക്കാരായ നേതാക്കളും അണികളും കൂടുതൽ ജോസ് കെ.മാണി വിഭാഗത്തിനാണ് എന്നും കൃത്യമായി ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ജോസ് കെ.്മാണിയുമായി ഹൈക്കമാൻഡ് സംസാരിച്ചത്. മുന്നണി വിട്ടാൽ ഇടതു മുന്നണിയും, എൻ.ഡി.എയും ജോസ് കെ.മാണി വിഭാഗത്തിനു പിന്നാലെയുണ്ടെന്നും, രാജ്യസഭയിൽ ഈ സാഹചര്യത്തിൽ ഒരു എം.പിയെ ലഭിക്കുന്നത് ബിജെപിയ്ക്കു കൂടുതൽ കരുത്താകുമെന്നും സോണിയ ഗാന്ധി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ തുടർന്നാണ് സോണിയ തന്നെ നേരിട്ട് ജോസ് കെ.മാണിയെ ബന്ധപ്പെട്ടത്.

ജോസ് കെ.മാണി വിഭാഗം ഇടതു മുന്നണിയിലേയ്ക്കു പോകാൻ കോട്ടയം അടക്കം മധ്യകേരളത്തിലെ നാലു ജില്ലകളിൽ യുഡിഎഫിന് അടിതെറ്റുമെന്നു സോണിയ ഗാന്ധിയെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്നു സോണി കേരളഘടകത്തെ ഫോണിൽ ബന്ധപ്പെട്ടു ശാസിച്ചു. ഇതേ തുടർന്നാണ് ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്നും മുന്നണിയിൽ നിന്നും മാറ്റി നിർത്തുക മാത്രമാണ് ചെയ്തതെന്നുമുള്ള നിലപാടിലേയ്ക്കു കോൺഗ്രസ് നേതൃത്വം മാറിയത്.

യുഡിഎഫ് മുന്നണിയുടെ ഭാഗമായി തുടരണമെന്നും ഇതിനായി എന്തു വീട്ടു വീഴ്ചയ്ക്കും തയ്യാറാണ് എന്നും ജോസ് കെ.മാണി വിഭാഗത്തിനു സോണിയയുടെ ദൂതൻ അറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും ജോസ് കെ.മാണി വിഭാഗത്തിനു പ്രത്യേക പാക്കേജ് അനുവദിക്കാമെന്നാണ് ഇപ്പോൾ ഹൈക്കമാൻഡ് മുന്നോട്ടു വയ്ക്കുന്ന പ്രത്യേക പാക്കേജ്.

മുന്നണിയിലെ ഒരു പ്രമുഖ ഘടകക്ഷി നേതാവിനോടു ഇതിനായി മധ്യസ്ഥത നിൽക്കാൻ സോണിയ ആവശ്യപ്പെട്ടതായും സൂചന ലഭിച്ചിട്ടുണ്ട്. മുൻപ് കേരള കോൺഗ്രസ് മുന്നണി വിട്ടപ്പോൾ ജോസ് കെ.മാണിയ്ക്കു രാജ്യ സഭാ സീറ്റ് നൽകി തിരികെ വിളിച്ചതിനു സമാനമായ ധാരണയ്ക്കാണ് ഇപ്പോൾ ഹൈക്കമാൻഡ് നീക്കം നടത്തുന്നത്. എന്നാൽ, ജോസ് കെ.മാണിയെ മുന്നണിയിൽ എടുത്താൻ ജോസഫ് വിഭാഗം മുന്നണി വിടുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ രണ്ട് എം.പിമാരെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത കോൺഗ്രസ് ഹൈക്കമാൻഡ് ജോസഫ് വിഭാഗം പുറത്തേയ്ക്കു പോകട്ടെ എന്ന നിലപാട് തന്നെയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിൽ ഇതിനുള്ള പ്രതികരണങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്നും ഉണ്ടാകും. ഇത് തന്നെയാവും കേരളത്തിൽ ഇനി പ്രതിഫലിക്കാനിരിക്കുകയെന്നാണ് ലഭിക്കുന്ന സൂചന.