play-sharp-fill
ദേശീയപാത ഉപരോധിച്ച്‌ ഗതാഗത തടസം സൃഷ്ടിച്ചു; പ്രതികരിച്ച നടന്‍ ജോജുവിൻ്റെ കാര്‍ തല്ലിത്തകര്‍ത്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം ജോജുവിനെതിരെ കേസെടുക്കാൻ തീരുമാനം; ​നടൻ്റെ മാളയിലെ വീടിന് മുന്നില്‍ സുരക്ഷ

ദേശീയപാത ഉപരോധിച്ച്‌ ഗതാഗത തടസം സൃഷ്ടിച്ചു; പ്രതികരിച്ച നടന്‍ ജോജുവിൻ്റെ കാര്‍ തല്ലിത്തകര്‍ത്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം ജോജുവിനെതിരെ കേസെടുക്കാൻ തീരുമാനം; ​നടൻ്റെ മാളയിലെ വീടിന് മുന്നില്‍ സുരക്ഷ

സ്വന്തം ലേഖിക

കൊച്ചി: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ദേശീയപാത ഉപരോധിച്ച്‌ ഗതാഗത തടസം സൃഷ്ടിച്ചതിനും നടന്‍ ജോജു ജോര്‍ജിൻ്റെ കാര്‍ തല്ലിത്തകര്‍ത്തതിനും കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

അതേസമയം വനിതാപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന പരാതിയില്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം ജോജുവിനെതിരെ കേസെടുക്കാനാണ് പൊലീസിൻ്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടനുമായുള്ള സംഘര്‍ഷത്തിൻ്റെ വീഡിയോ പരിശോധിക്കുമെന്ന് നേരത്തെ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ അറിയിച്ചിരുന്നു.

ഇടപ്പള്ളി – വൈറ്റില ദേശീയ പാതയിലാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയ സംഭവം അരങ്ങേറിയത്. ഗതാഗത തടസ്സം സൃഷ്ടിച്ചതിന് പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിൻ്റെ വാഹനം തല്ലിത്തകര്‍ത്തതിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. വാഹനം തകര്‍ത്തതിനും ദേശീയപാത ഉപരോധിച്ചതിനുമാണ് കണ്ടാലറിയാവുന്ന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

ജോജു മദ്യപിച്ചിരുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ പൊലീസിനൊപ്പം പോയ ജോജു ജോര്‍ജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടര്‍ന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ മദ്യപിച്ചാണ് ജോജു അസഭ്യം പറഞ്ഞതെന്ന മഹിളാ കോണ്‍ഗ്രസിൻ്റെ വാദം ദുര്‍ബലമാകുകയാണ്.

അതേസമയം, ജോജുവിൻ്റെ മാളയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി. ജോജു മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌. ജോജു നടത്തിയത് പട്ടി ഷോ ആണെന്നും, ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും സമരക്കാര്‍ പറഞ്ഞു. മാര്‍ച്ച്‌ പൊലീസ് തടഞ്ഞു. ജോജുവിൻ്റെ മാള വലിയ പറമ്ബിലെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ജോജുവിൻ്റെ പ്രതിഷേധത്തിന് പിന്തുണയുമായി സിനിമാരംഗത്തുള്ള പല പ്രമുഖരും രംഗത്തെത്തി. സംവിധായകരായ ബി ഉണ്ണികൃഷ്ണനും മധുപാലും ജോജുവിന് പിന്തുണ നല്‍കുന്നതായി വ്യക്തമാക്കി.

എന്നാല്‍ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍ ജോജുവിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. മുണ്ട് മാടിക്കുത്തി തറ ഗുണ്ടയെപ്പോലെയാണ് ജോജു വന്നത്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടക്കം അസഭ്യം പറഞ്ഞു. ഇത് ശരിയല്ലെന്നും കോണ്‍ഗ്രസ് പരാതി നല്‍കുമെന്നും കെ സുധാകരന്‍ പറഞ്ഞു. എന്നാല്‍ വഴി തടയല്‍ സമരങ്ങള്‍ക്ക് താന്‍ പണ്ടും എതിരാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. ജോജുവിന്റെ വികാരം മനസ്സിലാക്കുന്നുവെന്ന് ഹൈബി ഈഡന്‍ എംപിയും പ്രതികരിച്ചു.