ബിഷപ്പിന്റെ പീഡനകേസ്; അന്വേഷണ സംഘം ഡൽഹിയിലേക്ക്;ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
സ്വന്തം ലേഖകൻ
എറണാകുളം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ അന്വേഷണ സംഘം ഇന്ന് രാവിലെ നെടുമ്പാശ്ശേരിയിൽ നിന്നും ഡൽഹിക്ക് തിരിച്ചു. മൊഴിയെടുക്കൽ പൂർത്തിയായ ശേഷം അന്വേഷണ സംഘം ജലന്ധറിലെത്തി ബിഷപ്പിന്റെ മൊഴിയെടുക്കും. അതിനു ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്ത് കോട്ടയത്തേക്ക് കൊണ്ടുവരാനാണ് തീരുമാനം. ഡൽഹിയിലെത്തുന്ന അന്വേഷണസംഘം ആദ്യം കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ കുടുംബത്തെ കണ്ട് മൊഴി രേഖപ്പെടുത്തും. കന്യാസ്ത്രി പീഡന വിവരം ആദ്യം പറഞ്ഞ ഉജ്ജയിൻ രൂപതാ ബിഷപ്പ് സെബാസ്‌റ്യൻ വടക്കേൽ, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി എന്നിവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. കേരളത്തിൽ ഒരു മാസത്തിലേറെ നീണ്ട അന്വേഷണം പൂർത്തികരിച്ച ശേഷമാണ് ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ജലന്ധറിലെ നടപടികൾക്കായി കേരള പോലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇന്ന് രാവിലെ പുറപ്പെട്ടത്. കന്യാസ്ത്രീയെ സ്വാധീനിക്കാൻ വൈദികൻ ശ്രമിച്ച സംഭവത്തിൽ ജലന്ധർ രൂപതയുടെ പങ്കും പൊലീസ് അന്വേഷിക്കും. കന്യാസ്ത്രീ പരാതി നൽകിയ ജൂൺ 28 മുതൽ ഫാ. ജെയിംസ് ഏർത്തയിൽ നടത്തിയ ഫോൺ വിളിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. നേരത്തെ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിനു മുന്നിൽ കന്യാസ്ത്രീ രഹസ്യ മൊഴിയും നൽകിയിരുന്നു.