ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു

ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയർത്താനുള്ള കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെയും സീനിയർ അഭിഭാഷക ഇന്ദു മൽഹോത്രയെയും സുപ്രിം കോടതി ജഡ്ജിമാരാക്കാൻ ജനുവരി 10 ന് ചേർന്ന കൊളീജിയമാണ് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തത്. എന്നാൽ കൊളീജിയം ശുപാർശ ചെയ്ത ഇന്ദു മൽഹോത്രയെ ജഡ്ജിയായി നിയമിക്കുകയും ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാർശ കേന്ദ്രസർക്കാർ മടക്കുകയുമാണ് ചെയ്തത്. പ്രാദേശിക പ്രാതിനിധ്യമെന്ന അഭിപ്രായത്തോട് കൊളീജിയം യോജിച്ചതുകൊണ്ടാണ് ജസ്റ്റിസ് ജോസഫിന്റെ ശുപാർശ അംഗീകരിച്ചത് എന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. കെഎം ജോസഫിനു പുറമെ ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് വിനീത് ശരൺ എന്നിവരും സുപ്രിം കോടതി ജഡ്ജിമാരാകും. കേരളത്തിൽ നിന്ന് നിലവിൽ ഒരു സുപ്രിം കോടതി ജഡ്ജിയും മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരുമുണ്ടെന്നും ഈ സാഹചര്യത്തിൽ ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതിയിലേക്ക് ഉയർത്തിയാൽ അത് മേഖലാ പ്രാതിനിധ്യം സംബന്ധിച്ച കീഴ്വഴക്കങ്ങളുടെ ലംഘനമാകും എന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ ശുപാർശകളിൽ കൊളീയം ഉറച്ചു നിന്നതോടെ ഇതിനെ കേന്ദ്ര സർക്കാർ അംഗീകരിക്കുകയായിരുന്നു.