രണ്ട് കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിച്ചത് ജലന്ധർ ബിഷപ്പിന്റെ പീഡനത്തെ തുടർന്നെന്ന് സൂചന; ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

രണ്ട് കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിച്ചത് ജലന്ധർ ബിഷപ്പിന്റെ പീഡനത്തെ തുടർന്നെന്ന് സൂചന; ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

സ്വന്തം ലേഖകൻ

കോട്ടയം: ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പറയുന്ന കാലയളവിൽ കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്റെ പീഡനം സഹിക്ക വയ്യാതെയെന്ന് സൂചന. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും മൊഴി കേസിൽ നിർണായമാകുക. ഇവരിൽ ഒരാൾ കണ്ണൂർ സ്വദേശിനിയാണ്. മറ്റൊരാൾ ബീഹാറിലുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കണ്ണൂർ സ്വദേശിനിയുടെ മൊഴിയെടുക്കാൻ ഇന്നലെ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് സൂചന. ഇവരുടെ മൊഴി ഉടൻ എടുക്കുമെന്ന് ഡിവൈ.എസ്.പി കെ.സുഭാഷ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. മിഷണറീസ് ഒഫ് ജീസസിന്റെ പരിയാരം, പിറവം മഠങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കേസിന് ബലമേകുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പിറവത്തെ സന്യാസ മഠത്തിൽ ബിഷപ്പ് ഒരു തവണപോലും സന്ദർശിച്ചിട്ടില്ല. പരിയാരത്തെ മഠത്തിൽ നാലുതവണ സന്ദർശിച്ചെങ്കിലും അവിടെ താമസിച്ചിട്ടില്ലെന്നും സന്ദർശക രജിസ്റ്ററിൽ നിന്നും വ്യക്തമായി. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പറയുന്ന സമയങ്ങളോട് അടുത്ത ദിവസങ്ങളിൽപോലുമല്ല നാലു തവണയും ബിഷപ്പ് എത്തിയത്. കേരള സന്ദർശനത്തിന്റെ ഭാഗമായി കുറവിലങ്ങാട് എത്തിയെങ്കിലും മറ്റ് രണ്ട് മഠങ്ങളിലും ബിഷപ്പ് എന്തുകൊണ്ട് ഈ സമയം സന്ദർശിച്ചില്ല എന്ന ചോദ്യമാണ് ഉയരുന്നത്. പീഡനത്തെപ്പറ്റി കേട്ടറിവുണ്ടായിരുന്നു എന്നാണ് കണ്ണൂർ മഠങ്ങളിലെ കന്യാസ്ത്രീകളും മൊഴി നൽകിയിരിക്കുന്നത്.