ഇരിപ്പിടത്തെച്ചൊല്ലി തർക്കം തുടരുന്നു ;പി ജെ ജോസഫ് മുൻനിരയിൽ തന്നെ

ഇരിപ്പിടത്തെച്ചൊല്ലി തർക്കം തുടരുന്നു ;പി ജെ ജോസഫ് മുൻനിരയിൽ തന്നെ

സ്വന്തംലേഖകൻ

തിരുവനന്തപുരംന്മ കേരള കോൺഗ്രസ് (എം) ചെയർമാൻ പി.ജെ.ജോസഫിന് നിയമസഭയിൽ മുൻനിരയിലെ സീറ്റു നൽകും. കേരള കോൺഗ്രസിലെ സീനിയർ നേതാവ് എന്ന പരിഗണനയിലാണു സീറ്റു നൽകുന്നത്.അതേസമയം, കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തെചൊല്ലി പോര് മുറുകുന്നതിനിടെ സ്പീക്കർക്ക് നൽകിയ കത്തുകളെ ചൊല്ലി പാർട്ടിയിൽ തർക്കം രൂക്ഷമാകുകയാണ്. പി.ജെ.ജോസഫിനെ നിയസഭയിൽ മുൻനിരയിൽ ഇരുത്തണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ നൽകിയ കത്താണ് ജോസ് കെ.മാണി വിഭാഗത്തെ ചൊടിപ്പിച്ചത്. മോൻസിന്റെ കത്ത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നും പാർട്ടിയോട് കൂടിയാലോചിക്കാതെയാണ് മോൻസ് ജോസഫ് കത്ത് നൽകിയതെന്നും ജോസ് കെ.മാണി പറഞ്ഞു.പി.ജെ. ജോസഫിന്റെ ഇരിപ്പിടത്തെ ചൊല്ലി പാർട്ടിയിൽ തർക്കമില്ല. കക്ഷി നേതാവിനെ ചട്ടപ്രകാരം തിരഞ്ഞെടുക്കണമെന്നാണ് ആവശ്യമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ സമയംവേണമെന്ന് കാണിച്ച് നേരത്തെ റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ജൂൺ ഒൻപതിന് മുമ്പ് കക്ഷിനേതാവിനെ തിരഞ്ഞെടുക്കണമെന്നാണ് സ്പീക്കറുടെ നിർദേശം. അതിനിടെ നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കെ.എം. മാണിക്ക് ചരമോപചാരം അർപ്പിച്ച് സഭ ഇന്ന് പിരിയും. ജൂലൈ അഞ്ച് വരെ നീളുന്ന സമ്മേളനത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലംതന്നെയാവും പ്രധാന ചർച്ചാവിഷയം. മസാലബോണ്ടും നവകേരള നിർമ്മാണവും സഭാതലത്തിൽ ഉയർന്നു വരും. കെ കെ. മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.എം. ആരിഫ് എന്നീ നാല് അംഗങ്ങൾ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവർക്ക് ഇത് അവസാന നിയമസഭാസമ്മേളനമാകും.